കല്‍പ്പറ്റ > വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് നല്കിയ അടിയന്തര ധനസഹായം പിടിച്ചുപറിച്ച കേരള ഗ്രാമീണ്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കല്‍പ്പറ്റയിലെ ഗ്രാമീണ്‍ ബാങ്ക് റീജനല്‍ ഓഫിസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്നും പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ബാധിതര്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ 10,000 രൂപയില്‍ നിന്നും ബാങ്കിന്റെ വായ്പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ചത്. 1500 രൂപ മുതല്‍ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. വിഷയം ശ്രദ്ധയില്‍പെട്ട ഉടനെ മുഖ്യമന്ത്രി ഇടപെട്ടു. തുടര്‍ന്ന് ബാങ്ക് പിടിച്ചതുക തിരിച്ചുനല്‍കാന്‍ കലക്ടര്‍ ഉത്തരവിറക്കി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ് മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ബാധകമാണ്. കേരള ബാങ്ക് ദുരിതബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി മാതൃകയായപ്പോഴാണ് ഗ്രാമീണ്‍ ബാങ്കിന്റെ ദ്രോഹനടപടി.