കൊച്ചി
അരയ്ക്കുതാഴെ തളർന്നവരുടെ ജീവിതം ഇനി നാലുചുവരുകൾക്കുള്ളിൽ ഒടുങ്ങില്ല. കുടുംബശ്രീയുടെ കരുത്തിൽ അവർ ചിറകടിച്ചുയരും. പാരാപ്ലീജിയ രോഗികളെ (അപകടങ്ങളിലും മറ്റുംപെട്ട് അരയ്ക്കുതാഴെ തളർന്ന അവസ്ഥ) മുഖ്യധാരയിൽ എത്തിക്കാൻ അവരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ഉപജീവന പദ്ധതി നടപ്പാക്കുകയാണ് കുടുംബശ്രീ. ആദ്യം എറണാകുളം ജില്ലയിലും തുടർന്ന് മലപ്പുറത്തുമാണ് പദ്ധതി.
അനുയോജ്യമായ തൊഴിൽ പരിശീലനം ലഭ്യമാക്കി ഉൽപ്പന്നങ്ങൾ നിർമിക്കാൻ അവരെ പ്രാപ്തരാക്കും. ഉൽപ്പന്നം വിറ്റഴിക്കാനും സംവിധാനങ്ങളൊരുക്കും. സ്ഥിരവരുമാനം ലഭിക്കാനുള്ള വഴിയൊരുക്കുക, പുതിയ സംരംഭങ്ങളെക്കുറിച്ച് അറിവ് നൽകുക, നൈപുണ്യവികസനത്തിന് സഹായം ലഭ്യമാക്കുക, പുനരധിവസിപ്പിക്കുന്നതിലൂടെ കുടുംബത്തിനും ഇവരോട് ചേർന്നുനിൽക്കുന്നവർക്കും ആത്മധൈര്യവും സന്തോഷവും പകരുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ഇതിന്റെ ഭാഗമായി ആക്ടിവിറ്റി ഗ്രൂപ്പ് എന്ന പേരിൽ പാരാപ്ലീജിയ അവസ്ഥയിലുള്ള ഉൽപ്പാദകരുടെ കൂട്ടായ്മ രൂപീകരിക്കും. നിലവിൽ ഉൽപ്പാദന പ്രവർത്തനങ്ങൾ നടത്തുന്നവർക്കടക്കം കുടുംബശ്രീ ജില്ലാ മിഷൻവഴി അംഗമാകാം. ഇവർക്ക് ഉൽപ്പന്ന നിർമാണത്തിന് പരിശീലനം നൽകും. ഉൽപ്പാദനത്തിലും വിതരണത്തിലും കുടുംബത്തിനും പങ്കുചേരാം. ഉൽപ്പന്നങ്ങളുടെ സംഭരണ, വിൽപ്പന കേന്ദ്രമായി പ്രാദേശികകേന്ദ്രങ്ങൾ ഉണ്ടാകും. ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും കൺസോർഷ്യം രൂപീകരിക്കും. ഉൽപ്പന്നത്തിന് വില നിശ്ചയിക്കുക, അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക, വിപണനത്തിനുള്ള നടപടികൾ തുടങ്ങിയ ചുമതലയും കൺസോർഷ്യത്തിനാണ്. പുനരധിവാസം ആവശ്യമായവരുടെ വിവരങ്ങൾ, ആരോഗ്യസ്ഥിതി തുടങ്ങിയവ കുടുംബശ്രീ, പാലിയേറ്റീവ് പ്രവർത്തകരുടെ ഉൾപ്പെടെ സഹായത്തോടെ ശേഖരിക്കും.
യൂണിറ്റുകൾ തുടങ്ങുന്നതിനടക്കമുള്ള പ്രാരംഭ ധസഹായം കുടുംബശ്രീ നൽകും. രജിസ്ട്രേഷൻ, കൺസോർഷ്യം രൂപീകരണം ഇവയ്ക്കുള്ള പിന്തുണ തുടങ്ങിയ ചുമതലയും കുടുംബശ്രീ നിർവഹിക്കും.