തിരുവനന്തപുരം
ടാക്സിയാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളുമായി കൈകോർത്ത് പൊലീസ്. യാത്രയ്ക്കിടെ ഇനി എന്തുപ്രശ്നമുണ്ടായാലും ഫോണിൽ വിരൽതൊട്ടാൽ മതി പൊലീസ് ഓടിയെത്തും. ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളായ യൂബറും ഓലയുമായാണ് പൊലീസ് സഹകരിക്കുന്നത്.
നിലവിൽ യാത്രക്കാർ യൂബറിന്റെയും ഓലയുടെയും മൊബൈൽ ആപ്പുകളിലെ സൗകര്യം ഉപയോഗിക്കുമ്പോൾ കമ്പനികളുടെ കോൾ സെന്ററിലേക്കാണ് വിളിയെത്തുക. കോൾ സെന്റർ പ്രതിനിധികൾ വിവരമറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടുന്നത്. ഇത് പലപ്പോഴും സമയനഷ്ടത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ഉടൻ വിവരമറിയാനും സംഭവസ്ഥലത്തെത്താനും ലക്ഷ്യമിട്ടുള്ള പൊലീസിന്റെ പ്രവർത്തനം.
കമ്പനികളുടെ സോഫ്റ്റ്വെയറുമായി പൊലീസ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതോടെ ആപ്പുകളിലെ എസ്ഒഎസ് ബട്ടണിൽനിന്നുള്ള വിളി പൊലീസിന്റെ ഇആർഎസ്എസ് (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) കോൾസെന്ററിലെത്തും. പൊലീസിന്റെ എമർജൻസി നമ്പറായ 112ൽ വിളിക്കുന്നതിന് സമാനമായിരിക്കും എസ്ഒഎസ് കോളുകളും. കോൾവരുന്ന ലൊക്കേഷൻ തിരിച്ചറിഞ്ഞ് ഏറ്റവുമടുത്ത കൺട്രോൾറൂം വാഹനത്തെ അലർട്ട് ചെയ്യാനും സംഭവസ്ഥലത്ത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാനും കഴിയുന്നവിധത്തിലാണ് ഇആർഎസ്എസ് ക്രമീകരിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററിൽനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്കും തുടർന്ന് കൺട്രോൾ റൂം വാഹനത്തിലേക്കും വിവരം കൈമാറുന്നതാണ് രീതി.
112ൽ വിളിച്ച് കിട്ടാത്താവരുടെ മിസ്ഡ് കോൾ തിരിച്ചറിഞ്ഞ് തിരികെ ബന്ധപ്പെടാനും സംവിധാനമൊരുക്കിയിട്ടുണ്ട്. കോൾ സെന്റർ പ്രതിനിധികളിൽ ആദ്യം ഒഴിവ് വരുന്നയാളുടെ കമ്പ്യൂട്ടറിലെ ഡാഷ് ബോർഡിൽ മിസ്ഡ് കോൾ അലർട്ട് എത്തും. ഈ നമ്പറിലേക്ക് ഉടൻ വിളിയെത്തും. കോൾ സെന്ററിൽ വിളിച്ച് സേവനം സ്വകീരിക്കുന്നവരുടെ ഫീഡ് ബാക്ക് അറിയാൻ ത്രിതല സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൃത്യസമയത്ത് പൊലീസ് ഇടപെട്ടോ, പെരുമാറ്റം ഏതുരീതിയിലായിരുന്നു, സേവനം കൃത്യമായി ലഭിച്ചോ തുടങ്ങിയ വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള റിപ്പോർട്ടും തയ്യാറാക്കും.