തിരുവനന്തപുരം
“പിള്ളേരേ പൊളിച്ചുട്ടാ’ മുൻ സന്തോഷ് ട്രോഫി ടീമിനെ സമനിലയിൽ കുരുക്കിയ മാജിക് സിറ്റി എഫ്സിയിലെ ചുണക്കുട്ടികളോട് ഇന്ത്യൻ പുൽമൈതാനങ്ങളെ വിസ്മയിപ്പിച്ച സാക്ഷാൽ ഐ എം വിജയന്റെ വാക്കുകൾ. എതിർപോസ്റ്റിലേക്ക് ഗോൾമഴ പെയ്യിച്ചും ഗോൾ നീക്കങ്ങൾ തടഞ്ഞും ഐ എം വിജയൻ ഉൾപ്പെടെയുള്ള വമ്പൻമാരെ തറപറ്റിച്ച് കഴക്കൂട്ടം ഡിഫറന്റ് ആർട്ട് സെന്ററിലെ പിള്ളേർ ചരിത്രം കുറിച്ചു. ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ ടീമായ ‘മാജിക് സിറ്റി എഫ്സി’യുടെ രൂപീകരണത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. ആദ്യ അഞ്ചാം മിനിറ്റിൽ മാജിക് സിറ്റിയുടെ കാർത്തിക് മോഹനാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകളുടെയും തകർപ്പൻ പോരാട്ടം. ഒടുവിൽ മത്സരം 5– -5 സമനിലയിൽ സമാപിച്ചു. വൻമതിലായിനിന്ന് ഗോൾവല കാത്ത മാജിക് സിറ്റിയിലെ നന്ദുമോഹൻ മാൻ ഓഫ് ദ മാച്ച് ആയി. മാജിക് സിറ്റിക്കുവേണ്ടി ബി ജെ ഷിജു, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കർ, മുഹമ്മദ് ആസിഫ്, ആദർശ് മഹേന്ദ്രൻ, റിയാൻ നസീർ, നന്ദു മോഹൻ, എസ് അലൻ, ഡി എ പ്രവീൺ, ബി അമൽ, മുഹമ്മദ് അഷീബ്, കാർത്തിക് രാജ്, അധ്യാപകരായ കാർത്തിക് മോഹൻ, എസ് ടി അഭിമന്യു, അഭിനന്ദ് എന്നിവരാണ് കളത്തിലിറങ്ങിയത്. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള സന്തോഷ് ട്രോഫി മുൻ താരങ്ങളായ വി പി ഷാജി, സുരേഷ്, ആഷിഫ സഹീർ, നെൽസൺ, നൗഷാദ്, നൗഫൽ എന്നിവരായിരുന്നു എതിർ ടീം.
പ്രദർശനമത്സരം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. മാജിക് സിറ്റി എഫ്സിയുടെ ജഴ്സി പ്രകാശനം, ലോഗോ പ്രകാശനം, കിങ്സ് ലീഗ് സീസൺ 4 പ്രഖ്യാപനം എന്നിവയും നടത്തി. ഐ എം വിജയന്റെ മുപ്പതാം വിവാഹവാർഷികവും ചടങ്ങിൽ ആഘോഷിച്ചു. ഭിന്നശേഷിക്കുട്ടികളെ കായികമായി ശാക്തീകരിക്കാനായി ആരംഭിച്ച ദ ഗോൾഡൻ ഗോൾ പദ്ധതിയുടെ ഭാഗമായാണ് ടീമിന് രൂപം നൽകിയത്. ജിബ്രാൾട്ടർ സ്വദേശി ജോയൽ റിച്ചാർഡ് വില്യംസാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
മാജിക് സിറ്റി ടീം
അംഗങ്ങൾക്ക്
കെപിഎല്ലിലും അവസരം
കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ മാജിക് സിറ്റി എഫ്സി ടീമിൽനിന്നുള്ള ഒരാൾക്കെങ്കിലും അവസരം നൽകുമെന്ന് ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു. മാജിക് സിറ്റിയിലെ ചുണക്കുട്ടന്മാർക്കൊപ്പം മത്സരിക്കാനായത് അപൂർവ സൗഭാഗ്യമാണെന്നും മികച്ച നേട്ടങ്ങൾ ഇവർക്ക് കൈവരിക്കാനാകുമെന്നും ഐ എം വിജയൻ പറഞ്ഞു.