കൽപ്പറ്റ
ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിക്കാനായി നാടാകെ ഒത്തൊരുമിച്ചപ്പോൾ ഒഴുകിയെത്തിയത് 289 ടൺ അരി. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമെത്തിയത്.
സാധനങ്ങൾ ഏറ്റുവാങ്ങുന്നത് ജില്ലാ ഭരണസംവിധാനം താൽക്കാലികമായി നിർത്തുന്നതുവരെ 2,89,118 കിലോ അരിയാണ് എത്തിയത്. നിലവിൽ 142 ടൺ സ്റ്റോക്കുണ്ട്.
കൽപ്പറ്റ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കലക്ഷൻ സെന്ററിലാണ് സാധനങ്ങൾ സ്വീകരിച്ചിരുന്നത്. ഇവിടെ ഇആർപി സോഫ്റ്റ്വെയറിൽ എൻട്രിചെയ്തശേഷമേ സാധനങ്ങൾ ആവശ്യമുള്ളവർക്ക് കൈമാറൂ. അരിയടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ക്യാമ്പുകളിലേക്കും തിരച്ചിലിനും മറ്റുമായി സേവനമനുഷ്ഠിക്കുന്ന സേനാവിഭാഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണമൊരുക്കുന്ന മേപ്പാടി പോളിടെക്നിക്കിലെ സമൂഹ അടുക്കളയിലേക്കും നൽകുന്നത് ഇവിടെനിന്നാണ്. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കണ്ടെത്തിയ വീടുകളിലേക്ക് മടങ്ങുന്നവർക്കും ഭക്ഷ്യ കിറ്റും വീടുകളിലേക്ക് ആവശ്യമായ സാധനങ്ങളും നൽകുന്നുണ്ട്. ഇതിനായി അഞ്ച് കിലോ അരിയും 23 ഇനം സാധനങ്ങളുമടങ്ങിയ 4550 ഭക്ഷ്യ കിറ്റും തയ്യാറാക്കിയിട്ടുണ്ട്. 5172 കിലോ ബിരിയാണി അരിയും സ്റ്റോക്കുണ്ട്.
2,46,638 പാക്കറ്റ് ബിസ്കറ്റുകളാണ് എത്തിയത്. 11,883 തേങ്ങയും 22,118 കിലോ ആട്ടയും 28,574 കിലോ പഞ്ചസാരയും 9876 കിലോ ചായപ്പൊടിയുമെത്തി. കടല (10,380 കിലോ), പരിപ്പ്(8689), ചെറുപയർ(4732), മുളകുപൊടി(4255), മല്ലിപ്പൊടി(3633), കറിമസാല (3365), സാമ്പാർ പൊടി (4321), മഞ്ഞൾപ്പൊടി (3226), അരിപ്പൊടി (3929) എന്നിങ്ങനെയും സാധനങ്ങളെത്തി.
15,788 ബെഡ് ഷീറ്റുകളും 16,508 ബ്ലാങ്കറ്റുകളും 6702 പായയും 55 തൊട്ടിലുമടക്കം 474 സാധനങ്ങളാണ് ദുരന്തം നടന്ന് ദിവസങ്ങൾക്കുള്ളിൽ വയനാട്ടിലേക്ക് എത്തിയത്. സ്കൂൾ ബാഗ് (1035), നോട്ട്ബുക്ക്(9261) പെൻസിൽ ബോക്സ് (3152), പെൻ (2036), സോപ്പ് (69,905), ടൂത്ത് ബ്രഷ് (51,055), പേസ്റ്റ് (80,683), ചെരുപ്പ് (16,049), ഗ്യാസ് സ്റ്റൗ (267), സ്റ്റീൽ പ്ലേറ്റ് (7355) എന്നീ സാധനങ്ങളുമെത്തി.
കട്ടിൽ, അലമാര, മേശ, മിക്സി, കസേര, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മാറ്റുകൾ, ഡിറ്റർജന്റ്, ക്ലീനിങ് ലിക്വിഡ്, എമർജൻസി ലൈറ്റ്, ബൾബ് തുടങ്ങിയ വീടുകളിലേക്കുള്ള സാധനങ്ങളാണ് ഇനി ആവശ്യമുള്ളത്.