തലശേരി > കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ എമ്മിന്റെ ആദ്യകാല നേതാവുമായ കുട്ടിമാക്കൂൽ മഹേഷ് നിവാസിൽ എം സി ബാലൻ (88 ) അന്തരിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തിരുവങ്ങാട് ലോക്കലിന്റെ പ്രഥമ സെക്രട്ടറിയും മുനിസിപ്പൽ തൊഴിലാളിയുമായിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ്, തലശേരി യൂണിറ്റ് സെക്രട്ടറി, മുനിസിപ്പൽ വർക്കേഴ്സ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി, സിപിഐ എം ഊരാങ്കോട്ട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അവസാന കാലങ്ങളിൽ ഇതേ ബ്രാഞ്ചിൽ അംഗമായിരുന്നു.
ചെത്ത് തൊഴിലാളി യൂണിയൻ ആദ്യകാല സംഘാടകനും ഡിവിഷൻ വൈസ്പ്രസിന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ പ്രകാശിനി വായനശാല സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. ഊരാങ്കോട്ട് പാട്യം ഗോപാലൻ സ്മാരക വായനശാല സ്ഥാപകാംഗവും മുൻ സെക്രട്ടറിയുമാണ്. സംസ്കാരം ഞായർ വൈകിട്ട് 5.30ന് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ. ആദരവ് സൂചകമായി വൈകിട്ട് 4 മണി മുതൽ 6 വരെ കുട്ടി മാക്കൂൽ ടൗണിൽ ഹർത്താൽ ആചരിക്കും. എം സി ബാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്പീക്കർ എ എൻ ഷംസീർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ഭാര്യ: രോഹിണി. മക്കൾ: എം സി ചന്ദ്രൻ , ശൈലജ , സാവിത്രി , വത്സല , വത്സൻ , മഹേഷ്, പരേതരായ എം സി ഭാസ്ക്കരൻ , പ്രേമ, ശശി. മരുമക്കൾ: എം സി ഉഷ , രേവതി ,സജിത , ഷീന, മഹേശ്വരി, പരേതരായ സി ഗോവി, രവീന്ദ്രൻ, മുകുന്ദൻ, കുമാരൻ. സഹോദരങ്ങൾ: പരേതരായ എം സി കൗസു, രാജൻ, വിജയൻ.