ന്യൂഡൽഹി: വെറും മൂന്നരമണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിലെ ബലാലി ഗ്രാമത്തിൽ എത്തിചേരാം. പക്ഷെ, ശനിയാഴ്ച ഡൽഹിയിൽ നിന്ന് ബലാലിയിൽ എത്തിചേരാൻ വേണ്ടി വന്നത് പന്ത്രണ്ട് മണിക്കൂറിലേറെയാണ്. തങ്ങളുടെ പ്രിയപ്പെട്ടവളെ സ്വീകരിക്കാൻ നാടൊന്നാകെ പാതയോരങ്ങൾ കീഴടിക്കയപ്പോൾ സമയത്തിന്റെ ദൈർഘ്യം കൂടിയിലെങ്കിലേ അത്ഭുതമുള്ളു.
യുദ്ധം ജയിച്ചുവന്ന യോദ്ധാവിനെ പോലെയാണ് പാരീസിലെ ഒളിമ്പിക്‌സ് ഗ്രാമത്തിൽ നിന്ന് ബലാലയിൽ എത്തിചേർന്ന് വിനേഷ് ഫോഗട്ടിനെ ജന്മനാട് സ്വീകരിച്ചത്. ബലാലിയിലേക്കെത്തുന്ന ഹൈവേകളിലും മറ്റ് സ്ഥലങ്ങളിലും ഫോഗട്ടിനെ കാണാനും സ്വീകരണം നൽകാനും അനേകായിരങ്ങളാണ് തടിച്ചുകൂടിയത്. ജനസഞ്ചയത്തിന്റെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി വിനേഷ് ഫോഗട്ട് ബലാലിയിൽ എത്തിയപ്പോൾ സമയം ഞായറാഴ്ച പുലർച്ചയോട് അടുത്തിരുന്നു.
ആഘോഷമായിരുന്നു ബലാലിയിലെങ്ങും ശനിയാഴ്ച. തെരുവീഥികളിലെങ്ങും ഫ്‌ള്ക്‌സ ബോർഡുകൾ,തോരണങ്ങൾ,അലങ്കാര ബൾബുകൾ, നാടെങ്ങും മധുര പലഹാര വിതരണം, കാതിന് ഇമ്പമായി സംഗീതം. അങ്ങനെ നാട്ടിൽ കിട്ടാവുന്നതെല്ലാം ബലാലി വിനേഷിനായി ഒരുക്കി.
ഗ്രാമത്തിലെ സ്ത്രീകൾ ചേർന്ന് മാത്രം 750 കിലോഗ്രാം ലഡ്ഡുവാണ് സ്വീകണത്തിനൊരുക്കിയത്. ഗ്രാമത്തിലുള്ളവർ സംഭാവനയായി നൽകിയ പണം ഉപയോഗിച്ചാണ് സ്വീകരണം ഒരുക്കിയത്. ഓരോരുത്തരും നൽകുന്ന തുക കൃത്യമായി എഴുതി സൂക്ഷിക്കുന്നുണ്ട്. ഗ്രാമത്തിലുള്ള അൻഷാജിനാണ് ഇതിന്റെ ചുമതല. നൂറ് രൂപ നൽകിയ സാധാരണക്കാരൻ മുതൽ ഇരുപതിനായിരവും അൻപതിനായിരലവും വരെ നൽകിയവരുടെ നീണ്ട നിര അൻഷാജിന്റെ കണക്കുപുസ്തകത്തിൽ ഉണ്ടായിരുന്നു.
‘അവൾ തനിച്ചല്ല. ബലാലി മുഴുവൻ അവൾക്കൊപ്പം ഉണ്ട്. അതിനാണ് ഞങ്ങൾ ഇങ്ങനൊരു സ്വീകരണം ഒരുക്കിയത്’-ബാവലി ഗ്രാമത്തിന്റെ കാവൽക്കാരനായ സഞ്ജയ് ചൗക്കിദാർ പറഞ്ഞു. ”അവൾ എന്റെ മകളെപ്പോലെയായിരുന്നു. ചെറുപ്പത്തിൽ ഞാൻ രാത്രിയിൽ ചുറ്റിക്കറങ്ങുന്നത് കാണുന്ന അവൾ എന്നോട് പറയുമായിരുന്നു നിങ്ങൾ വളരെ ധൈര്യശാലിയാണെന്ന്. എന്നാൽ ഇപ്പോൾ നോക്കു, ആരാണ് യഥാർഥ ധീര?അവൾ ലോകത്തിലെ ഏറ്റവും ധീരയായ പെൺകുട്ടിയായി മാറിയിരിക്കുന്നു. മാത്രമല്ല ശക്തയും’.-വികാരാധീതനായി സ്ഞ്ജയ് ചൗക്കിദാർ പറഞ്ഞു.
നോട്ടുമാലയും തലപ്പാവും അണിയിച്ചാണ് ഗ്രാമമുഖ്യൻ വിനേഷിനെ സ്വീകരിച്ചത്. ഫോഗട്ടിനെ കാണാൻ തടിച്ചുകൂടിയവർ എല്ലാവരും നൂറിന്റെയും അഞ്ഞുറിന്റെയും നോട്ടുകൾ കൊണ്ട് തുന്നിയ മാലകളാൽ അവളെ മൂടി. ‘അവളുടെ പിതാവായിരുന്നു അവൾക്ക് എല്ലാം; അദ്ദേഹത്തിന്റെ വിയോഗശേഷം വിനേഷ് കുടുംബത്തിന്റെ കവചമായി. കുട്ടിക്കാലത്ത്, കന്നുകാലികളെ പരിപാലിക്കുന്നതിനോ വയലിൽ ജോലി ചെയ്യുന്നതിനോ കുടുംബത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്നതിനോ അവൾക്ക് മടിയില്ലായിരുന്നു. ഗ്രാമത്തിലെ എല്ലാ പെൺകുട്ടികളും വിനേഷിനെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരേയും അവരുടെ അവകാശങ്ങൾക്കായി പോരാടാൻ അവൾ പഠിപ്പിക്കുന്നു’.-വിനേഷിന്റെ അയൽവാസിയായ ധനപതിയെന്ന് സ്ത്രീ പറഞ്ഞു.
‘ഒളിമ്പിക്‌സിലേറ്റ മുറിവ് അഴത്തിലുള്ളതാണ്. അത് ഉണങ്ങാൻ സമയം എടുക്കും. നിങ്ങളുടെ സ്‌നേഹത്തിന് ഞാനെന്നും കടപ്പെട്ടവളായിരിക്കും’-നാടിന്റെ സ്‌നേഹത്തിന് മുന്നിൽ ശിരസ്സുനമിച്ച് വിനേഷ് പറഞ്ഞു. എല്ലാ മുറിവുകളും ഉണങ്ങും. ശക്തയായി വിനേഷ് തിരികെ വരും. പാതിരാകഴിഞ്ഞിട്ടും ഉറങ്ങാതെ നിൽക്കുന്ന ബലാലിയിലെ ഓരോ മുഖങ്ങളിലും ആത്മവിശ്വാസത്തിന്റെ നിറചിരി കാണാമായിരുന്നു.
Read More
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ
- വിനേഷിന് വീരോചിത വരവേൽപ്പ് നൽകി ഇന്ത്യ
- ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ആ ചിത്രങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു: വിനേഷ് ഫോഗട്ട്
- ഇന്ത്യക്ക് നിരാശ:വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി
- മോണി മോർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകൻ
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം