വാഷിങ്ടൺ> യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതിരെ വീണ്ടും അധിക്ഷേപവുമായി റിപ്പബ്ലിക്കൻ പാർടി നേതാവ് ഡൊണാൾഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം.
ടൈം മാസികയുടെ പക്കൽ കമല ഹാരിസിന്റെ നല്ല ചിത്രമുണ്ടായിരുന്നില്ലെന്നും അവർ കമലയുടെ ചിത്രം ഒരു ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിക്കുകയാണുണ്ടാതെന്നും ട്രംപ് പറഞ്ഞു. ബൈഡന് എന്ത് സംഭവിച്ചു? താൻ ബൈഡനെതിരെയായിരുന്നു ആദ്യം മത്സരിച്ചിരുന്നത്, ഇപ്പോൾ താൻ മറ്റൊരാൾക്കെതിരെയാണ് മത്സരിക്കുന്നതെന്നും ആരാണ് കമല ഹാരിസ് എന്നും ട്രംപ് റാലിയിൽ ചോദിച്ചു.
കമല ഹാരിസ് ഏറ്റവും മോശം പ്രസിഡന്റായിരിക്കുമെന്നും അവരുടെ ബുദ്ധിയേയോ അവരെയൊ താൻ ബഹുമാനിക്കുന്നില്ല എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നിരവധി തവണയാണ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് പാർടി നേതാവും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹരിസിനെ അധിക്ഷേപിക്കുന്നത്.