കണ്ണൂർ> വളപട്ടണത്തെ ടി വി കെ മന്നയെന്ന ടി വി കണ്ണൻ കുറിച്ചിട്ട വാക്കുകളിലുണ്ട് ‘സഖാക്കളുടെ സഖാവ്’ പങ്കെടുത്ത സ്റ്റഡി ക്ലാസിന്റെ നേർച്ചിത്രം. 78 വർഷംമുമ്പ് പി കൃഷ്ണപ്പിള്ള വളപട്ടണം കളരിവാതുക്കൽ അമ്പലത്തിനടുത്തെ മംഗലപ്പാലച്ചുവട്ടിൽ നടത്തിയ സ്റ്റഡി ക്ലാസിന് ദൃക്സാക്ഷിയായത് ടി വി കെ മന്ന ഡയറിയിൽ പകർത്തിയിട്ടുണ്ട്.
‘1946ൽ സ്റ്റഡി ക്ലാസെന്ന പേരിൽ കമ്യൂണിസ്റ്റുകാർ ഒത്തുകൂടും. ക്ലാസെടുക്കാൻ കറുത്തുമെലിഞ്ഞൊരാൾവരും. ഷർട്ടും മുണ്ടും മുഷിഞ്ഞത്. വളപട്ടണം ഹൈസ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളികളുമായി രാത്രിവരെയുണ്ടാവും. ആസമയത്താണ് പാർടി പ്രവർത്തകൻ കുമാരേട്ടൻ മുക്കാലണയ്ക്ക് ബീഡിവാങ്ങി മരത്തിന്റെ ചുവട്ടിലെത്താൻ പറയുക. അങ്ങിനെ മുഷിഞ്ഞ ഷർട്ടുകാരനെ കണ്ടു. പിന്നീടാണ് കൃഷ്ണപിള്ളയെന്നറിഞ്ഞത്’– മന്ന ഡയറിയിൽ കുറിച്ചിരിക്കുന്നു.
ടി വി കെ മന്ന
ആറോൺമിൽ സമരത്തിന് കൃഷ്ണപിള്ള നേതൃത്വംനൽകുന്ന കാലത്താണ് ക്ലാസ്. അക്കാലത്ത് അദ്ദേഹം മലബാറിലേക്ക് പോകുന്നത് നിരോധിച്ചിരുന്നു. 1946 മെയ് 20ന് വിലക്ക് സർക്കാർ റദ്ദുചെയ്തതിനെ തുടർന്നാണ് സമരംനയിച്ച സഖാവ് പാപ്പിനിശേരിയിലെത്തിയത്. ക്ലാസ് നടക്കവെ ടി വി കെ മന്ന വളപട്ടണം പൊലീസ് സ്റ്റേഷന് സമീപത്തെ വാടകവീട്ടിലായിരുന്നു താമസം. 1948ൽ സ്റ്റേഷനിൽ കമ്യൂണിസ്റ്റുകാരെ ക്രൂരമർദനത്തിനിരയാക്കുന്നത് കണ്ടതും ഡയറിയിലുണ്ട്.
വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ജീവനക്കാരനായ ടി വി കെ മന്ന നാടക സംവിധായകനും നടനുമായിരുന്നു. 2019ൽ കണ്ണൂർ താവക്കരയിലെ ‘പൗർണമി’ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ ടി വി പത്മിനിയും മക്കളായ ടി വി അജിതകുമാരി, അനിൽകുമാർ, അനിരൂപ, അമൃത എന്നിവരും ഡയറി സൂക്ഷിക്കുകയാണ്; ചരിത്രത്തിന്റെ നിധിശേഖരംപോലെ.