സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ മത്സരത്തിനുണ്ടായിരുന്ന 38 സിനിമയിൽ 22ഉം നവാഗതരുടേതായിരുന്നു. ഈ കണക്ക് മലയാള സിനിമയിൽ പുതുതലമുറയുടെ ശക്തിപ്രകടനത്തിന്റെ നേർസാക്ഷ്യമാണ്. പുതിയ സിനിമാ പ്രവർത്തകരുടെ ഈ കാഴ്ച, മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമെന്നാണ് വിഖ്യാത സിനിമാ സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറി വിലയിരുത്തിയത്. താര, കച്ചവട ഫോർമുലയിൽനിന്ന് മോചിതമാകുന്ന സിനിമ കാലത്തിന്റെ ഈടുവയ്പാണ്.
സിനിമയുടെ സങ്കേതങ്ങളിൽ മുൻപരിചയമില്ലാതെയാണ് ഫാസിൽ റസാഖ് തടവും രോഹിത് എം ജി കൃഷ്ണൻ ഇരട്ടയും ഒരുക്കിയത്. ഇരട്ടയിൽ നടനായും നിർമാണ പങ്കാളിയായും ജോജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. കലയോടുള്ള അഭിനിവേശത്തിൽ ഇരു സിനിമയും നേട്ടം കൊയ്തു. കാതലിലൂടെ ജിയോബേബിയും നിർമാതാവായി മമ്മൂട്ടിയും പുതിയ കാലത്തിന്റെ സിനിമാക്കാരായി. അസാധ്യമെന്ന വാക്കിന് സിനിമാരൂപം നൽകി ബ്ലെസിയും പൃഥ്വിരാജും അടങ്ങുന്ന സംഘം അവാർഡിലെ താരങ്ങളായി.
മലയാള സിനിമയുടെ സൂപ്പർ നായികയായി ഉർവശിയുടെ പ്രഖ്യാപനം. ഒപ്പം നവാഗതയായ ബീന കെ ചന്ദ്രന്റെ പ്രകടനക്കരുത്ത്. സിനിമാ ജീവിതത്തിലെ അനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന കഥാപാത്രഭൂമികയിൽ പുതു അടയാളമായി വിജയരാഘവന്റെ പൂക്കാലത്തിലെ 100 വയസ്സ് തികഞ്ഞ ഇട്ടൂപ്പ്. പൊമ്പളൈ ഒരുമൈയിലെ ശ്രീഷ്മ ചന്ദ്രൻ, മലയാള സിനിമയിലെ തിരക്കഥാ സ്ക്വാഡായി ആദർശും പോൾസണും. 60 വർഷം കടന്ന സംഗീതജീവിതത്തിന് അംഗീകാരമായി വിദ്യാധരൻ മാസ്റ്റർ മികച്ച ഗായകൻ. 2018ലെ പ്രളയം ആവിഷ്കരിച്ച മികവിന് 2018: എവരി വൺ ഈസ് എ ഹീറോയുടെ കലാസംവിധാനത്തിന് മോഹൻദാസിന് അംഗീകാരം.
ദേശീയ അടയാളം
സംസ്ഥാന അവാർഡിനു പിന്നാലെ പ്രഖ്യാപിച്ച ദേശീയ അവാർഡിലും മലയാള സിനിമയ്ക്ക് അഭിമാനനേട്ടമുണ്ടായി. നവാഗതനായ ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം മികച്ച സിനിമ, തിരക്കഥ, എഡിറ്റിങ് എന്നീ മൂന്ന് അവാർഡും സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ തിരയടയാളമായി നേട്ടം. മലയാളിയായ നിത്യ മേനോൻ തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിലൂടെ മികച്ച നടിയായി. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ (ഫ്രം ദി ഷാഡോ) തെരഞ്ഞെടുത്തു. ബോംബെ ജയശ്രീ (സൗദി വെള്ളക്ക), ബാലതാരം- ശ്രീപഥ് (മാളികപ്പുറം) എന്നിവർക്കും മലയാള സിനിമയുടെ ഭാഗമായി അവാർഡ് ലഭിച്ചു. അതേസമയം, കുറച്ചു വർഷമായി കേന്ദ്ര സർക്കാർ മാസ് മസാല കച്ചവട സിനിമകൾക്ക് അവാർഡ് നിർണയത്തിൽ നൽകുന്ന അമിത പ്രാധാന്യം ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്.
അഭിമാന സിനിമ
ആടുജീവിതത്തിൽ ഒട്ടകത്തിന്റെ കണ്ണിലൂടെ നജീബിനെ കാണുന്ന ഷോട്ട് ചിത്രീകരിക്കാൻ സംവിധായകൻ ബ്ലെസി കാത്തിരുന്നത് ഏഴു ദിവസമാണ്. കോവിഡിന്റെ ദുരിതത്തിനിടയിലും സിനിമ പൂർത്തിയാക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒത്തുതീർപ്പിന് തയ്യാറാകാത്ത സിനിമാക്കാരനാണ് ബ്ലെസി. അതിനൊപ്പം സിനിമയ്ക്കായി എന്തും ചെയ്യാൻ ഒരുമടിയുമില്ലാത്ത പൃഥ്വിരാജ്. ഇവർ രണ്ടുപേരും ഒന്നുചേർന്നാണ് ആടുജീവിതം സാധ്യമായത്. 180 ദിവസം മരുഭൂമിയിൽമാത്രം ചിത്രീകരണം. ചിത്രീകരണത്തിന്റെ ഓരോ ദിവസത്തിനും ഓരോ കഥ പറയാനുണ്ടെന്നാണ് ആടുജീവിതം ഒരുക്കിയതിനെക്കുറിച്ച് ബ്ലെസി പറഞ്ഞത്. ഈ ആത്മസമർപ്പണത്തിന്റെ ഫലമാണ് മികച്ച ചിത്രം, സംവിധായകൻ, നടൻ, ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം അടക്കം ഒമ്പത് പുരസ്കാരം. ലോക സിനിമയ്ക്കു മുന്നിൽ അഭിമാനത്തോടെ മുന്നോട്ട് വയ്ക്കാൻ കഴിയുന്ന സിനിമയായി മാറ്റിയ ഛായാഗ്രഹണം (കെ എസ് സുനിൽ), ശബ്ദമിശ്രണം (റസൂൽ പൂക്കുട്ടി, ശരത് മോഹൻ), മേക്കപ് ആർട്ടിസ്റ്റ് (രഞ്ജിത് അമ്പാടി) എന്നിവരെല്ലാം അംഗീകരിക്കപ്പെട്ടു.
ബ്ലെസി മാജിക്
ശബ്ദവും നിശ്ശബ്ദതയും പ്രണയവും സ്നേഹവുമെല്ലാം മനോഹരമായ ഫ്രെയിമിലൂടെ മുന്നിലെത്തിക്കുന്ന ഒരു ബ്ലസി മാജിക്കുണ്ട്. കൊച്ചുണ്ടാപ്രിയായോ രമേശൻനായരായോ കൃഷ്ണപ്രിയയായോ മാത്യൂസായോ മുന്നിലെത്തിയ വിസ്മയം. ആ വിസ്മയം നജീബിലൂടെ വീണ്ടും കാണിക്കുകയായിരുന്നു ബ്ലെസി. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്ത ചിത്രത്തിന് അവലംബിത തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ്ലൈനോട് നീതിപുലർത്താൻ എല്ലാ മേഖലയിലും മികച്ച ഇടപെടലുണ്ടായി. സിനിമ എല്ലാ അർഥത്തിലും പൂർണതയിലെത്തിക്കാൻ എല്ലാ തലത്തിലും വിട്ടുവീഴ്ചയില്ലാത്ത ഇടപെടൽകൂടിയായിരുന്നു ആടുജീവിതം.
അസാധ്യമെന്നൊന്നില്ലാത്ത പൃഥ്വി
പൃഥ്വിരാജിലെ നടൻ വിമർശങ്ങളാൽ പരിഹാസത്തിന് ഇരയാകുന്നുണ്ട്. അത്തരം അധിക്ഷേപ സമാനമായ വാക്കുകൾക്കുമേലാണ് നജീബിലൂടെ മൂന്നാമത്തെ സംസ്ഥാന അവാർഡ് നേട്ടം. ആടുജീവിത്തതിനായി താണ്ടിയ വഴികൾ അത്രമേലായിരുന്നു. ഒരു സിനിമയ്ക്കായി ഇത്രയേറെ ത്യാഗമോ എന്നാണ് നജീബായി മാറാൻ പൃഥ്വിരാജ് താണ്ടിയ വഴികളെക്കുറിച്ച് കേട്ടപ്പോൾ എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞത്. 72 ദിവസം ഭക്ഷണം കഴിക്കാതെ, 31 കിലോ ഭാരം കുറച്ചു. ആ അർപ്പണബോധത്തിന്റെ നേർസാക്ഷ്യമായി നജീബ് സ്ക്രീനിൽ തെളിഞ്ഞു. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പൂർണ നഗ്നനായി നിൽക്കുന്ന നജീബ് എല്ലിൽ ഒട്ടിക്കിടക്കുന്ന തൊലിയും അതിനു കീഴെ അങ്ങിങ്ങായി കുറച്ച് മാംസവുമായിരുന്നു. ആടുജീവിതത്തിൽ പൃഥ്വിയുടെ മെലിഞ്ഞ് ഉണങ്ങിയ ശരീരം. പൃഥ്വിയെപ്പോലെ സിനിമയ്ക്കായി വലിയ ത്യാഗം സഹിച്ചയാളാണ് നവാഗത നടനായ ഗോകുൽ. അതിന്റെ ഫലമായി ആദ്യ സിനിമയിൽത്തന്നെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ഉര്വശി മഹാനടി
അധികം ആർക്കും എത്തിപ്പിടിക്കാൻ കഴിയില്ലെന്നു കരുതിയ നേട്ടം. മമ്മൂട്ടിയും മോഹൻലാലിനുംമാത്രം അവകാശപ്പെട്ടിരുന്ന നേട്ടക്കസേരയിൽ ഇനി ഉർവശിയും. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ ഉർവശി നേടി. സിനിമാജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും മലയാളത്തിന്റെ മഹാനടിയെന്ന വിശേഷം സ്വന്തമെന്ന് പ്രഖ്യാപിച്ച പ്രകടനമായിരുന്നു ഉള്ളൊ ഴുക്കിലേത്. സിനിമ സാധ്യമാക്കാൻ കുറച്ച് സമയമെടുത്തെന്നാണ് ഉള്ളൊഴുക്കിനെക്കുറിച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി പറഞ്ഞത്. നായിക കേന്ദ്രീകൃത ചിത്രമായതിനാൽ നിർമാതാവിനെ കിട്ടാൻവരെ ബുദ്ധിമുട്ടി. ശക്തമായ ഇമോഷൻസിലൂടെയുള്ള കഥപറച്ചിൽ. മഴക്കാലം, വെള്ളപൊക്കം തുടങ്ങിയ അന്തരീക്ഷത്തിലുള്ള കഥ. ശബ്ദത്തിനും ദൃശ്യത്തിനുമൊക്കെ വലിയ പ്രാധാന്യം. കഥ നടക്കുന്ന ഭൂമികയ്ക്കുവേണ്ടി നടത്തിയ ശബ്ദവിന്യാസവും അംഗീകരിക്കപ്പെട്ടു.
തടവ് പൊട്ടിച്ച അഭിനിവേശം
ആദ്യ സിനിമ സാധ്യമാക്കാൻ താണ്ടേണ്ടിവരുന്ന വഴികൾ, അതും പുതുമുഖകൾ മാത്രമുള്ളത്. പ്രതിസന്ധികളുടെ തടവുകൾ താണ്ടാൻ ഫാസിൽ റസാഖിനും സംഘത്തിനും കരുത്തായത് സിനിമയോടുള്ള അഭിനിവേശം മാത്രമായിരുന്നു.
ഫാസിലിന്റെ സംവിധാനത്തിൽ തടവ് എന്ന ചിത്രത്തിലൂടെ ബീന ആർ ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിക്കൊപ്പം പങ്കിട്ടു. സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിച്ചതിനാണ് അവാർഡ്. തടവിലെ ഗീത എന്ന കഥാപാത്രമാകാൻ നാടകത്തട്ടിലെ അനുഭവം മാത്രമായിരുന്നു കരുത്ത്. എന്നാൽ, അനായസമായി കഥാപാത്രമായി. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പട്ടാമ്പിക്കാരനായ ഫാസിലിനെ സിനിമയിലേക്ക് എത്തിച്ചത്. സ്വയം പഠിച്ച് സിനിമാക്കാരനായി. സംവിധായകനായി. ഒത്തുചേർന്ന് നിർമിച്ചാണ് തടവ് സാധ്യമാക്കിയത്. നാട്ടിലുള്ളവരെ ചേർത്തുപിടിച്ച് കഥാപാത്രമാക്കി. ഹ്രസ്വ ചിത്രങ്ങൾ ചെയ്തപ്പോൾ കൂടെയുള്ളവരെ അണിയറയിലും കൂട്ടിയാണ് തടവ് ഒരുക്കിയത്. ഈ അഭിനിവേശത്തിനാണ് നവാഗത സംവിധായകനുള്ള അവാർഡ് തിളക്കം.
ഇരട്ട നേട്ടം
നവാഗതനായ രോഹിത് എം ജി കൃഷ്ണൻ എഴുതി സംവിധാനം ചെയ്ത സിനിമയുടെ കരുത്ത് കഥപറച്ചിലിന്റെ മിടുക്കാണ്. റിയലിസ്റ്റിക് ത്രില്ലർ സ്വഭാവത്തിൽ നിൽക്കുന്ന പടത്തിന്റെ ആഖ്യാനപാടവവും എഴുത്തിലെ സൂക്ഷ്മതയുമാണ് മികച്ച ചലച്ചിത്രമാക്കിയത്. കഥ പുരോഗമിക്കുംതോറും മുറുകുന്ന തിരക്കഥയും കാഴ്ചയുടെ രസച്ചരടിനെ ശക്തമാക്കുന്ന സിനിശൈലിയുടെ മികവിന് തിരക്കഥ, രണ്ടാമത്തെ സിനിമ എന്നീ അവാർഡുകൾ ലഭിച്ചു.
എഡിറ്റര് നടനാണ്
പ്രേമലുവിലെ അമൽ ഡേവിസിനെ സിനിമ കണ്ടവരാരും മറക്കാൻ സാധ്യതയില്ല. ‘എല്ലാവർക്കും ജീവിതത്തിൽ ഒരു അമൽ ഡേവിസ് വേണം’ എന്ന സോഷ്യൽ മീഡിയ ട്രെൻഡിങ്ങായ ഡയലോഗുമുതൽ മലയാള സിനിമയിലെ തരംഗമാണ് സംഗീത് പ്രതാപ്. നടനായി തിളങ്ങുമ്പോൾ സംഗീതിനെ തേടി സംസ്ഥാന അവാർഡ് എത്തിയത് എഡിറ്റിങ്ങിനാണ്. ലിറ്റിൽ മിസ് റാവുത്തറിന് ചിത്രസംയോജനത്തിനാണ് അവാർഡ്. എഡിറ്റിങ്ങിനെ ആഖ്യാനത്തിനുള്ള ഉപാധിയാക്കി സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന മികവ് എന്നാണ് ജൂറി വിലയിരുത്തിയത്.
മമ്മൂട്ടിയുടെ കാതല്
ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന ചിത്രത്തിന് നാല് അവാർഡാണ് ലഭിച്ചത്. മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിന് ചിത്രം, കഥ (ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ), പശ്ചാത്തല സംഗീതം (മാത്യൂസ് പുളിക്കൻ), അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം (സുധി കോഴിക്കോട്) എന്നിവ ലഭിച്ചു. രാഷ്ട്രീയം പറയാൻ സിനിമയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിളിച്ചുപറഞ്ഞ ചിത്രമാണ് ജിയോ ബേബിയുടെ കാതൽ.
സാംസ്കാരിക ഇടപെടൽ എന്ന വായന സാധ്യമാക്കിയ സിനിമ
മ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം നൻപകൽ നേരത്ത് മയക്കത്തിലൂടെയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി കമ്പനിക്കായിരുന്നു. കോവിഡാനന്തരം മമ്മൂട്ടി നടത്തുന്ന സിനിമ ഇടപെടലുകൾക്ക് വിജയസാക്ഷ്യംകൂടിയായി കാതലിന്റെ നേട്ടം മാറി. താരത്തിൽനിന്ന് നടനിലേക്ക് ഇറങ്ങിയുള്ള സിനിമാ തെരഞ്ഞെടുപ്പുകളും വാണിജ്യമൂല്യത്തിനപ്പുറം കലാമൂല്യത്തിന് പ്രാധാന്യം നൽകിയുള്ള ഇടപെലിലാണ് കാതൽ പിറന്നത്. അഭിനേതാവായും നിർമാതാവായും മമ്മൂട്ടിയെന്ന കലാകാരന്റെ സിനിമയ്ക്കുള്ള ഈടുവയ്പ്.
കാത്തിരുന്ന സംഗീതത്തിളക്കം
ദേവരാജൻ മാഷ് വിഖ്യാതനായ മെഹ്ബൂബിനൊപ്പം പാട്ട് പാടാൻ കൊണ്ടുവന്ന ആളാണ് വിദ്യാധരൻ മാസ്റ്റർ. 1965ൽ ‘ഓടയിൽ നിന്ന്’ സിനിമയിലെ ‘ഓ റിക്ഷാവാല’ എന്ന പാട്ട് പാടി തുടങ്ങിയ യാത്ര പിന്നീട് കാലത്തെ അതിജീവിച്ച പാട്ടുകളുടെ പിറവിയായിരുന്നു. സിനിമയിലും പുറത്തുമായി നാലായിരത്തോളം പാട്ടുകൾ. പക്ഷേ, ആദ്യമായി അവാർഡ് എത്തിയതിപ്പോഴാണ്. മലയാളി മനസ്സിൽ എന്നും നിറഞ്ഞൊഴുകിയ ‘കൽപ്പാന്ത കാലത്തോളം’ തുടങ്ങി ഒരുപാട് പാട്ടുകൾ. അഭിജിത് അശോകൻ ഒരുക്കിയ ‘ജനനം 1947 പ്രണയം തുടരുന്നു’വെന്ന സിനിമയിലെ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന പാട്ടിലൂടെയാണ് അവാർഡ് തേടിയെത്തിയത്.