തിരുവനന്തപുരം
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രനുള്ള പ്രത്യേക അവാർഡും ‘ആടുജീവിത’ത്തിനാണ്. ഫാസിൽ റസാഖ്( തടവ്)ആണ് മികച്ച നവാഗത സംവിധായകൻ. കെ എസ് സുനിൽ (ആടു ജീവിതം) മികച്ച ഛായാഗ്രാഹകൻ. മികച്ച സ്വാഭാവ നടനുള്ള പുരസ്കാരം വിജയരാഘവൻ ( പൂക്കാലം) നേടി. മറ്റുപുരസ്കാരങ്ങൾ–- സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ( പൊമ്പളൈ ഒരുമൈ), സംഗീത സംവിധായകൻ: ജസ്റ്റിൻ വർഗീസ്( ചെന്താമരപ്പൂവിൻ, ചാവേർ), പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റർ( പതിരാണെന്നോർത്തു കനവിൽ, ജനനം 1947 പ്രണയം തുടരുന്നു), പിന്നണി ഗായിക: ആൻ ആമി( തിങ്കൾപ്പൂവിൻ ഇതളവൾ, പാച്ചുവും അത്ഭുതവിളക്കും). 160 ചിത്രങ്ങളാണ് അവാർഡ് പരിഗണനയ്ക്ക് വന്നത്. ഇത്രയും ചിത്രങ്ങൾ എത്തുന്നത് ആദ്യമാണ്. കുട്ടികളുടെ വിഭാഗത്തിൽ എത്തിയ നാലുചിത്രങ്ങൾക്കും നിലവാരമില്ലാത്തതിനാൽ അവാർഡില്ല.വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ സുധീർ മിശ്ര, അംഗങ്ങളായ പ്രിയനന്ദൻ, എൻ അളകപ്പൻ, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ജാനകി ശ്രീധരൻ , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവരും പങ്കെടുത്തു.
മിന്നിച്ച് നവാഗതർ
സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്പട്ടികയിൽ പ്രതിഭാ തിളക്കവുമായി നവാഗതർ. അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ഉം നവാഗത സംവിധായകരുടേതായിരുന്നു. ഇവരുടെ ചിത്രങ്ങൾ അതിശയിപ്പിച്ചു എന്ന് ജൂറി അംഗങ്ങളും വിലയിരുത്തി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് ഫാസിൽ റസാഖിനാണ്. “തടവ് ‘ എന്ന സിനിമയ്ക്കാണ് പുരസ്കാരം. ‘തടവി’ലൂടെ ബീന ആർ ചന്ദ്രൻ മികച്ച നടിയുമായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലൂടെയാണ് ഉർവശി മികച്ച നടിയായത്. ഉള്ളൊഴുക്കിലെ കേന്ദ്ര കഥാപാത്രമായ രാജീവിന് ശബ്ദം നൽകിയതിലൂടെ റോഷൻ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡും നേടി. മികച്ച ശബ്ദരൂപകൽപ്പനയ്ക്ക് ജയദേവൻ ചക്കാടത്തിനും അനിൽ രാധാകൃഷ്ണനും ‘ഉള്ളൊഴുക്കി’ലൂടെ പുരസ്കാരം നേടി.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ “ഇരട്ട ‘ യുടെ സംവിധായകൻ രോഹിത് എം ജി കൃഷ്ണനും നവാഗതനാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയതും രോഹിത്താണ്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ഇരട്ടയിലൂടെ രോഹിത് നേടി. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ “ജനനം 1947, പ്രണയം തുടരുന്നു’ എന്ന സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടികയിലും ഇടം പിടിച്ചു. നവാഗതനായ അഭിജിത്ത് അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പെൺ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ചിത്രത്തിലൂടെ സുമംഗല നേടി. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം വിദ്യാധരൻ മാസ്റ്ററിലേക്ക് എത്തിയത് “പതിരാണെന്നോർത്തൊരു കനവിൽ ‘ എന്ന ഈ ചിത്രത്തിലെ ഗാനത്തിലൂടെയാണ്. മനു സി കുമാർ സംവിധാനം ചെയ്ത ‘ശേഷം മൈക്കിൽ ഫാത്തിമ’ യിലൂടെയാണ് തെന്നൽ അഭിലാഷിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത്.
ദേവൻ സംവിധാനം ചെയ്ത ‘വാലാട്ടി’യിലൂടെ റോഷൻ മാത്യുവിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ( ആൺ) വിഭാഗത്തിൽ പുരസ്കാരം നേടി. അരുൺ ചന്തു സംവിധാനം ചെയ്ത “ഗഗനചാരി’ ജൂറിയുടെ പ്രത്യേക പുരസ്കാരവും നേടി.
അഭിമാനത്തോടെ സുധിയും ഗോകുലും
സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിമാന താരങ്ങളായി സുധിയും ഗോകുലും. ‘കാതലി’ലെ തങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനാണ് സുധി കോഴിക്കോടിന് ജൂറിയുടെ പ്രത്യേക പരാമർശം. ആദ്യ സിനിമയായ ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ കെ ആർ ഗോകുലും ജൂറി പരാമർശം നേടി.
ബാലുശേരി സ്വദേശിയായ സുധി കോഴിക്കോടിന്റെ 43ാമത്തെ സിനിമയാണ് കാതൽ. നാടക വേദികളിലൂടെയാണ് സിനിമയിലെത്തിയത്. നിരവധി സിനിമകളിൽ മുഖം കാണിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ട ആദ്യകഥാപാത്രത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് സുധി ദേശാഭിമാനിയോട് പറഞ്ഞു. നരിവേട്ടയാണ് പുറത്തിറങ്ങാനുള്ള ചിത്രം.
രൂപംകൊണ്ടും ഭാവംകൊണ്ടും മരുഭൂമിയിൽ ജീവിച്ച് മരിച്ച ഹക്കീമായി മാറിയതിനാണ് പൂവാട്ടുപറമ്പ് സ്വദേശി ഗോകുലിനെ തേടി അംഗീകാരം എത്തിയത്. ‘‘സന്തോഷം പറഞ്ഞറിയിക്കാനാവില്ല. പരമാവധി നന്നായി ചെയ്യാനാണ് പരിശ്രമിച്ചത്. മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. തുടക്കക്കാരൻ എന്ന നിലയിൽ വലിയ സന്തോഷമുണ്ട്. അധ്വാനം വെറുതെയായില്ല. ആദ്യം ജനങ്ങൾ സ്വീകരിച്ചു, ഇപ്പോൾ അവാർഡും. സന്തോഷം, നന്ദി’’–- ഗോകുൽ പറഞ്ഞു. സംവിധായകൻ ജയരാജ് സംവിധാനം ചെയ്യുന്ന ‘ശാന്തമീ രാത്രിയിൽ’ ഉൾപ്പെടെ നാല് സിനിമകളാണ് ഗോകുലിന്റേതായി പുറത്തുവരാനുള്ളത്.
‘ഇരട്ട’ രണ്ടാമത്തെ മികച്ച ചിത്രം
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട. മികച്ച സ്വാഭാവ നടനുള്ള മറ്റുപുരസ്കാരങ്ങൾ: മികച്ച ബാലതാരം(ആൺ):അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും), മികച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ്(ശേഷം മൈക്കിൽ ഫാത്തിമ), മികച്ച കഥാകൃത്ത്: ആദർശ് സുകുമാരൻ(കാതൽ ദി കോർ), മികച്ച ഛായാഗ്രഹകൻ: കെ എസ് സുനിൽ (ആടുജീവിതം), മികച്ച തിരക്കഥാകൃത്ത്: രോഹിത് എം ജി കൃഷ്ണൻ( ഇരട്ട), തിരക്കഥ( അഡാപ്റ്റേഷൻ): ബ്ലെസി( ആടുജീവിതം), മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹനൻ( ചെന്താമരപ്പൂവിൻ, ചാവേർ), സംഗീത സംവിധായകൻ( പശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കൻ( കാതൽ ദി കോർ), മികച്ച ചിത്രസംയോജകൻ: സംഗീത് പ്രതാപ്( ലിറ്റിൽ മിസ് റാവുത്തർ), മികച്ച കലാസംവിധായകൻ( മോഹൻദാസ്, 2018) , മികച്ച സിങ്ക് സൗണ്ട്: ഷമീർ അഹമ്മദ്( ഒ ബേബി), മികച്ച ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ( ആടു ജീവിതം), മികച്ച ശബ്ദരൂപകൽപ്പന: ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ( ഉള്ളൊഴുക്ക്), മികച്ച പ്രോസസിങ് ലാബ്( കളറിസ്റ്റ്): വൈശാഖ് ശിവഗണേഷ്( ആടു ജീവിതം), മികച്ച മേക്കപ്പ് ആർടിസ്റ്റ്: രഞ്ജിത് അമ്പാടി( ആടു ജീവിതം), മികച്ച വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ( ഒ ബേബി), മികച്ച ഡബ്ബിങ് ആർടിസ്റ്റ്(ആൺ): റോഷൻ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): സുമംഗല( ജനനം 1947 പ്രണയം തുടരുന്നു), മികച്ച നൃത്ത സംവിധാനം: ജിഷ്ണു( സുലൈഖ മൻസിൽ), മികച്ച വിഷ്വൽ എഫക്ട്സ്: ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു( 2018 ), പ്രത്യേക ജൂറി അവാർഡ്: ഗഗനചാരി. മികച്ച ചലച്ചിത്രഗ്രന്ഥം: മഴവിൽ കണ്ണിലൂടെ മലയാള സിനിമ( കിഷോർ കുമാർ), പ്രത്യേക ജൂറി പരാമർശം: കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ( പി പ്രേമചന്ദ്രൻ), മികച്ച ചലച്ചിത്ര ലേഖനം: ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ( ഡോ. എം ആർ രാജേഷ്), ഫിലിംസൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ( അനൂപ് കെ ആർ).
മികച്ച ബാലനടൻ
മാതമംഗലത്തിന്റെ
കണ്ണിലുണ്ണി
‘മാളികപ്പുറം’ സിനിമയിലെ പിയൂഷ് ഉണ്ണി ഇപ്പോൾ മാതമംഗലത്തുകാരുടെ കണ്ണിലുണ്ണിയാണ്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലനടനായി തെരഞ്ഞെടുക്കപ്പെട്ടത് പേരൂൽ വരിക്കച്ചാൽ വീട്ടിലെ ശ്രീപദ് യാൻ എന്ന ആറാം ക്ലാസുകാരനാണ്. തവളയുടെ ത, കുമാരി, പവി കെയർടേക്കർ, വരാഹം, ആനന്ദ്, ശ്രീബാല തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആറ് പരസ്യചിത്രങ്ങളിലും നിരവധി ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും ശ്രീപത് അഭിനയിച്ചു. വിവിധ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയുമാണ്. മികച്ച ബാല നടനുള്ള വയലാർ രാമവർമ പുരസ്കാരവും മൗലി ഫിലിംസ് പുരസ്കാരവും നേടിയിട്ടുണ്ട്. അധ്യാപകദമ്പതികളായ പി കെ രജീഷിന്റെയും വി രസ്നയുടെയും മകനാണ്. സഹോദരി: വാമിക.