പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ വെങ്കലമെഡൽ ജേതാവായ മലയാളികളുടെ അഭിമാനതാരം പി.ആർ ശ്രീജേഷിന് ഉജ്ജല വരവേൽപ്പുമായി ജന്മനാട്. ഡൽഹിയിൽ നിന്ന് നാട്ടിലേക്കെത്തിയ താരത്തെ ആരാധകരടക്കം വൻജനാവലിയാണ് സ്വീകരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ താരത്തെ കാണാനും സ്വീകരിക്കാനുമായി വിമാനത്താവളത്തിലും പുറത്തുമായി നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
ജില്ലാ കലക്ടർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ താരത്തെ വരവേൽക്കാൻ നെടുമ്പാശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ പുറത്തേക്ക് ആനയിച്ചത്. ഇവിടെനിന്ന് ആലുവ യുസി കോളേജിൽ സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ ചടങ്ങിൽ ശ്രീജേഷ് പങ്കെടുക്കും.
വിജയം നാടിനും നാട്ടിലുള്ളയെല്ലാവർക്കും വേണ്ടിയാണെന്ന് ശ്രീജേഷ് പറഞ്ഞു. ഒരു കളിക്കാരനായി എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ ഒരു കോച്ചായി കഴിയുമ്പോൾ അതിനു വേണ്ടി മനസികമായി തയ്യാറെടുക്കാനുണ്ട്. അടുത്ത 2-3 മാസത്തേക്ക് അതിനുവേണ്ടിയിട്ടായിരിക്കും ചെലവഴിക്കുക, ശ്രീജേഷ് പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഹോക്കിയിൽ ശ്രീജേഷിന്റെ സംഭാവനകൾ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ച 16-ാം നമ്പർ ജഴ്സി ഇനി മറ്റാർക്കും നൽകേണ്ട എന്ന് ഇന്ത്യൻ ഹോക്കി അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങുന്ന ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തേക്കാണ് എത്തുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറുകളിൽ ഒരാളാണ് പിആർ ശ്രീജേഷ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടീമിൻറെ മുൻ ക്യാപ്റ്റൻ കൂടിയാണ് ഈ മലയാളി. ഇതുവരെ മൂന്ന് ഒളിമ്പിക്സുകളിൽ പങ്കെടുത്തു. ഇതുകൂടാതെ കോമൺവെൽത്ത് ഗെയിംസുകളിലും ലോകകപ്പുകളിലും ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ വിജയത്തിലും ശ്രീജേഷിന്റെ പ്രയ്നമുണ്ടായിരുന്നു.
തുടർച്ചയായ രണ്ടാം വെങ്കലമെഡലാണ് ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിമ്പിക്സ് മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡും ശ്രീജേഷ് സ്വന്തമാക്കി.