കാസർകോട് > കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ 23-ാം സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിൽ ചെറുവത്തൂർ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ കുഞ്ഞിരാമൻ നഗറിൽ നടക്കും. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 512 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ 11 ന് കാസർകോട് ജില്ലയിലെ 1453 യൂണിറ്റുകളിൽ പതാകദിനം ആചരിച്ചു.
ആഗസ്ത് 20ന് രാവിലെ 9.30 ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡൻ്റ് എൻ ആർ ബാലൻ പതാക ഉയർത്തും. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. സ്വാഗത സംഘം ചെയർമാൻ എം വി ബാലകൃഷ്ണൻ സ്വാഗതം പറയും. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡൻറ്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം വൈകിട്ട് 4.30 ന് പ്രതിനിധികൾ കയ്യൂരിൽ രക്തസാക്ഷി മണ്ഡപവും അഞ്ചിന് കയ്യൂർ രക്തസാക്ഷി സ്മാരകവും സന്ദർശിക്കും.
രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്മൃതി സംഗമം നടക്കും. യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡൻറ്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കയ്യൂർ സമര ചരിത്രം എന്ന ഗ്രന്ഥം പ്രതിനിധികൾക്ക് സംഘാടകസമിതി ഉപഹാരമായി നൽകും. 21 ന് പൊതുചർച്ചയും 22 ന് പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. 512 പ്രതിനിധികൾ ക്കും മൂന്നു ദിവസം താമസ സൗകര്യം ഒരുക്കിയിത് പ്രദേശത്തെ 260 വീടുകളിലാണ്. സമാപന ദിവസം എല്ലാ വീടുകളിലും പ്രതിനിധികൾ ഓർമ്മമരം നടും.
ദേശീയ നേതാക്കളായ എ വിജയരാഘവൻ, ബി വെങ്കിട്ട്, എം വി ഗോവിന്ദൻ, ഡോ. വിക്രം സിംഗ്, ഡോ. വി ശിവദാസൻ എംപി, ബി വെങ്കിടേശ്വരലു, ആർ വെങ്കിട്ടരാമലു, ചന്ദ്രപ്പ ഹോസ്കേറ, വി അമൃതലിംഗം എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, സംഘാടക സമിതി ചെയർമാൻ എം വി ബാലകൃഷ്ണൻ, ജനറൽ കൺവീനർ വി കെ രാജൻ, കെ എസ് കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.