എറണാകുളം> തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറു ദിന പരിപാടി 2024 ന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്തിന്റെ നടക്കുന്നത്.
എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഓഗസ്റ്റ് 16 നും കൊച്ചി കോർപ്പറേഷൻതല അദാലത്ത് ഓഗസ്റ്റ് 17 നും നടക്കും. രാവിലെ 8.30 മുതൽ അദാലത്തിലേക്കുള്ള രജിസ്ട്രേഷ൯ ആരംഭിച്ചു. എറണാകുളം നോർത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വിലങ്ങാട് ഉരുൾ പൊട്ടലിലും രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്തു മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും സമയപരിധിക്കകം സേവനം ലഭിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പരാതികളും നിവേദനങ്ങളും തുടങ്ങിയവയും അദാലത്തിൽ പരിഗണിക്കും.
ബിൽഡിംഗ് പെർമിറ്റ്, വ്യാപാര-വാണിജ്യ-വ്യവസായ ലൈസൻസുകൾ, സിവിൽ രജിസട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദേശങ്ങൾ എന്നിവയും പരിഗണിക്കും.