തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ശനിയാഴ്ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടിനൽകുകയും ചെയ്തു. മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കണമെന്നുപറഞ്ഞ ഹൈക്കോടതി, സിനിമാ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാജ്യത്താദ്യമായി കമീഷൻ രൂപീകരിച്ചത് കേരള സർക്കാരാണെന്നും വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിന് പൊതുചർച്ചയിൽ രൂപപ്പെടുന്ന വിവരങ്ങളും വേണം. റിപ്പോർട്ട് പൊതുചർച്ചയാക്കാനും നടപടിയെടുപ്പിക്കാനും മാധ്യമ ഇടപെടലും ആവശ്യമാണ്. ഇതിന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഹർജി നിയമപരമായി നിലനിൽക്കില്ല. വ്യക്തികളുടെ സ്വകാര്യത പുറത്തുപോകാതിരിക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമീഷൻ ഉത്തരവിലുണ്ട്. രണ്ട് നിയമങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഈ വിഷയത്തിലില്ല. ആരുടെയും സ്വകാര്യത ഹനിക്കപ്പെടാത്തതിനാൽ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നും കോടതി പറഞ്ഞു.
ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സ്വകാര്യതയുടെ ലംഘനമുള്ളതിനാൽ റിപ്പോർട്ട് കൈമാറണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സജിമോൻ കോടതിയെ സമീപിച്ചത്. അന്ന് നൽകിയ സ്റ്റേയാണ് തിങ്കളാഴ്ച ഹൈക്കോടതി നീക്കിയത്.
റിപ്പോർട്ടിൽ പൊതുതാൽപ്പര്യമുള്ളതിനാൽ സ്വകാര്യത സംരക്ഷിച്ച് ബാക്കിഭാഗം പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമീഷന്റെയും സാംസ്കാരിക വകുപ്പിന്റെയും നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷിചേർന്ന സംസ്ഥാന വനിതാ കമീഷനും വിമൻ ഇൻ സിനിമ കലക്ടീവും ആവശ്യപ്പെട്ടിരുന്നു.
ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017ലാണ് റിട്ട. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. 2017ൽ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ് കമീഷൻ വേണമെന്ന ആവശ്യമുയർന്നത്. വിമന് ഇന് സിനിമ കലക്ടീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ രൂപീകരിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് മറ്റ് അംഗങ്ങൾ. 2019 ഡിസംബറിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.