തൃശൂർ > ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് തൃശൂരിലെ നേതാക്കൾക്ക് നടപടി ഉറപ്പായി. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് നേതൃക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടപടി പരസ്യമായി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തൃശൂരിലെ സ്വന്തം ഗ്രൂപ്പ് നേതാക്കളെ കാണാതെ മടങ്ങിയിരുന്നു. നടപടി ഉറപ്പായ സാഹചര്യത്തിലാണിതെന്നാണ് സൂചന. ഇതോടെ തോൽവിക്ക് വഴിയൊരുക്കിയ കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലായി.
ഒരു വിഭാഗം നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചതാണ് കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പുറംതള്ളപ്പെടാനിടയായതെന്നാണ് ആക്ഷേപം. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാനായിരുന്ന എം പി വിൻസന്റ്, അനിൽ അക്കര എന്നിവർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരനും ഒരു വിഭാഗം നേതാക്കളും ഉറച്ചുനിൽക്കുന്നത്.
ആദ്യം താൻ മത്സരിക്കില്ലെന്ന് ടി എൻ പ്രതാപൻ പ്രഖ്യാപിച്ചു. പിന്നീട് മത്സരരംഗത്തേക്ക് വന്നു. തുടർന്ന് കെ മുരളീധരൻ സ്ഥാനാർഥിയായപ്പോൾ പ്രതാപൻ നടത്തിയ ചുമരെഴുത്ത് മുത്തം കൊടുക്കൽ തുടങ്ങിയ നാടകങ്ങൾ അപഹാസ്യമായതായി നേതാക്കൾ കമീഷന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. അനിൽ അക്കര കത്തിച്ചുവിട്ട കിരീട വിവാദം ദോഷമുണ്ടാക്കി. ആലത്തൂരിന് പകരം അനിൽ അക്കര തൃശൂരിൽ തമ്പടിച്ചത് ആസൂത്രിതമാണെന്നും തൃശൂരിൽ പ്രവർത്തിക്കുന്നതിനു പകരം പല നേതാക്കളും ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ പ്രചാരണത്തിന് പോയെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച കമീഷൻ റിപ്പോർട്ട് കെപിസിസിക്ക് നൽകിയതായാണ് സൂചന.