കൊച്ചി
രാജ്യത്തെ ഫെഡറൽ സംവിധാനവും സാമ്പത്തികസ്ഥിതിയും അത്യന്തം അപകടാവസ്ഥയിലാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ. കേന്ദ്രസർക്കാർ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും കണക്കിലെ കളികൾ നിരത്തി അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി സംഘടിപ്പിച്ച ‘ഫെഡറലിസം ആൻഡ് ഇക്കണോമി’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയായെന്നും ജിഡിപി കുത്തനെ ഉയരുകയാണെന്നുമാണ് കേന്ദ്രസർക്കാർ പ്രചാരണം. എല്ലാവരും രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്നു. എന്നാൽ, ജനങ്ങളെ കബളിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന കള്ളപ്രചാരണം വൻ അപകടം ക്ഷണിച്ചുവരുത്തും. സാമൂഹിക അസമത്വവും തൊഴിലില്ലായ്മയും കുത്തനെ ഉയർന്നു. ഒരാഴ്ചയിൽ ഒരുമണിക്കൂർമാത്രം തൊഴിൽ കിട്ടുന്നവൻ തൊഴിൽരഹിതനല്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. സെസ്സും സർച്ചാർജുകളും ഏർപ്പെടുത്തിയും ജനങ്ങളെ വലയ്ക്കുന്നു.
ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിൽ ഗവർണറുടെ ഭരണമാണ്. പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് ഫെഡറലിസത്തെ ഇല്ലാതാക്കും. ഫിനാൻഷ്യൽ ഫെഡറലിസം വൻ തകർച്ചയിലാണെന്നും പരകാല പ്രഭാകർ പറഞ്ഞു.
സംവാദപരിപാടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം ശശീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. സി എം നാസർ, അഡ്വ. കെ എം രശ്മി എന്നിവർ സംസാരിച്ചു.