പാരിസ് > വിനേഷ് ഫോഗട്ടിന് വെള്ളിമെഡലില്ല. ഒളിമ്പിക്സ് ഫൈനലിനുമുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയതായി റിപ്പോർട്ട്. വെള്ളിമെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയത്. ഫൈനൽ മത്സരത്തിന് ശേഷമായിരുന്നു വെള്ളി മെഡൽ പങ്കുവയ്ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്. മുമ്പ് രണ്ട് തവണ അപ്പീലിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചിരുന്നു.
രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്തി മത്സരങ്ങളിൽ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.