കൊല്ലം
ബിഎസ്എൻഎൽ അസിസ്റ്റന്റ് ജനറൽ മാനേജർ കൊല്ലം കൈരളി നഗർ കുളിർമയിൽ സി പാപ്പച്ചനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം ബുധനാഴ്ച പുനരാവിഷ്കരിച്ചേക്കും. സംഭവം നടന്ന ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡിൽ ഒന്നാം പ്രതി അനിമോൻ, രണ്ടാംപ്രതി മാഹീൻ എന്നിവരെ എത്തിച്ച് നടത്തുന്ന തെളിവെടുപ്പിലാണ് സംഭവം പുനരാവിഷ്കരിക്കുക. കാലാവസ്ഥ അനുകൂലമെങ്കിൽ രാവിലെ തെളിവെടുപ്പ് തുടങ്ങും. ഗസറ്റഡ് റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനെ അനുവദിച്ച് കിട്ടാൻ വൈകിയതിനാൽ ചൊവ്വാഴ്ച പ്രതികളുമായുള്ള തെളിവെടുപ്പ് നടന്നില്ല. ചൊവ്വ വൈകിട്ടോടെയാണ് അനുമതി ലഭിച്ചത്. മൂന്നും നാലും പ്രതികളായ സരിതയും അനൂപും ജോലിചെയ്തിരുന്ന സ്വകാര്യ ധനസ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ചിലടക്കം തെളിവടുപ്പ് നടക്കും. അഞ്ചാംപ്രതി ഹാഷിഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സ്വകാര്യ ധനസ്ഥാപനത്തിൽ സാമ്പത്തിക തിരിമിറി നടത്തിയവർ നിക്ഷേപകനായ പാപ്പച്ചനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 23ന് ഉച്ചയ്ക്കായിരുന്നു അപകടം. പാപ്പച്ചന്റെ മക്കൾ നൽകിയ പരാതിയിലാണ് കാറപകടം കൊലപാതകമാണെന്നു തെളിഞ്ഞത്.
ഹാഷിഫിന്റെ ഫോൺ
പിടിച്ചെടുത്തു
അഞ്ചാംപ്രതി ഹാഷിഫിന്റെ ഫോൺ പോളയത്തോട്ടിലെ കടയിൽനിന്നും അന്വേഷകസംഘം പിടിച്ചെടുത്തു. ഫോൺ നന്നാക്കാൻ നൽകിയതായിരുന്നു. ഹാഷിഫ് ഈ ഫോണിലൂടെയാണ് സരിതയെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതെന്നാണ് സൂചന. പൊലീസ് ഇയാളുടെ മറ്റൊരു ഫോണും പിടികൂടിയിരുന്നു. രണ്ട് ഫോണിൽൽനിന്നുമുള്ള വിവരങ്ങൾ സൈബർസെൽ അന്വേഷിച്ചുവരുന്നു.
സരിത മൂന്ന്
വിവാഹം കഴിച്ചു
വാടകവീടുകളിൽ മാറിമാറി താമസിക്കുന്ന സരിതയ്ക്ക് ആധാർ വിലാസത്തിൽ വീടില്ല. കൊല്ലം കച്ചേരി വാർഡ് കഴ്സൺ റോഡ് എംആർഐ നമ്പർ 31ൽ ആണ് കഴിഞ്ഞ ദിവസം അന്വേഷകസംഘം റെയ്ഡ് നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തത്. സംഭവം നടക്കുമ്പോൾ തേവള്ളി ഓലയിൽ മൃഗാശുപത്രിക്ക് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. നേരത്തെ കാവനാട്ടും വാടകയ്ക്ക് താമസിച്ചിരുന്നു. മൂന്നുതവണ വിവാഹിതയായ സരിതയുടെ നിലവിലുള്ള ഭർത്താവ് നെടുമങ്ങാട് സ്വദേശിയാണ്.