തിരുവനന്തപുരം
നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ കർഷകർക്ക് നൽകാനുള്ള തുക ഉടൻ കൊടുത്തുതീർക്കും. ധനവകുപ്പ് 50 കോടിരൂപ അനുവദിച്ചതോടെയാണിത്. ഭക്ഷ്യവകുപ്പ് തുക എസ്ബിഐയ്ക്കാണ് കൈമാറുന്നത്. ബാങ്ക് പിആർഎസ് വായ്പയായാണ് തുക കർഷകർക്ക് നൽകുക. 3486 കർഷകർക്കായി 25.64 കോടി രൂപയാണ് കൊടുക്കാനുള്ളത്. 2023-–-24ൽ രണ്ടാംവിളയിൽ 1,98,755 കർഷകരിൽനിന്നായി 5.59 ലക്ഷം മെട്രിക് ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു.1584.11 കോടി രൂപയാണ് നൽകേണ്ടത്. ഇതിൽ 1558.47 കോടിയും നൽകി.
വീഴ്ച കേന്ദ്രത്തിന്; പഴി കേരളത്തിനും
നെല്ലിന് കേന്ദ്രസർക്കാർ അർഹമായ തുക അനുവദിക്കാത്തതിനാൽ കർഷകർ പ്രയാസപ്പെടുമ്പോഴും സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവന സ്ഥാനത്തിന് നിരക്കാത്തതാണ്. നെല്ലിന്റെ താങ്ങുവില കുടിശ്ശിക സംബന്ധിച്ച് പാർലമെന്റിൽ കേന്ദ്ര ഭക്ഷ്യമന്ത്രി നൽകിയ മറുപടി വളച്ചൊടിച്ചാണ് എംപി പ്രസ്താവന നടത്തിയത്. വിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന സർക്കാർ നൽകാത്തതിനാലാണ് 2017 മുതൽ കേരളത്തിലെ നെൽക്കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി 647 കോടി കേന്ദ്രം നൽകാത്തത് എന്നായിരുന്നു പ്രസ്താവന.
സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചശേഷമേ കേന്ദ്രം അന്തിമമായി താങ്ങുവിലയുടെ അപേക്ഷ തീർപ്പാക്കൂ. അഞ്ചുശതമാനം ഇത്തരത്തിൽ തടഞ്ഞുവയ്ക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യ സംഭരണപദ്ധതി പ്രകാരം ചെയ്യേണ്ടത്. കേന്ദ്രം നൽകേണ്ട ആകെ തുകയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണിത്.
നെല്ല് സംഭരണത്തിൽ കേരളത്തിന് നൽകാനുള്ള തുകയിൽ 2018––19 മുതൽ 2023-–-24 വരെ ഉള്ള കാലയളവിൽ തടഞ്ഞുവച്ചത് 647 കോടിയാണ്. ‘മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കാണണ’ മെന്ന സമീപനം തിരുത്താൻ യുഡിഎഫ് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.