മലപ്പുറം
മുണ്ടക്കൈയിൽനിന്ന് ഉരുൾ കവർന്ന ജീവനുകളുടെ അവശേഷിപ്പുകൾ വീണ്ടും കണ്ടെടുത്തു. ചൊവ്വാഴ്ച ചാലിയാറിന്റെ തീരങ്ങളിലും ഉൾവനത്തിലും നടന്ന ജനകീയ തിരച്ചിലിൽ അഞ്ച് ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. മുണ്ടേരി വനത്തിന്റെ പല ഭാഗങ്ങളിൽനിന്നായാണ് ഇവ കണ്ടെത്തിയത്. ചാലിയാറിന്റെ ഇരുകരകളിലൂടെയും മുണ്ടേരി ഇരുട്ടുകുത്തി കടവുമുതൽ സൂചിപ്പാറവരെ മുപ്പതോളം കിലോമീറ്ററിലായിരുന്നു തിരച്ചിൽ. പൊലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, തണ്ടർബോൾട്ട്, എൻഡിആർഎഫ് എന്നിവർക്കൊപ്പം ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ഉൾപ്പെടെ സന്നദ്ധ സംഘടനകളും ജനകീയ തിരച്ചിലിൽ പങ്കാളികളായി.
മുണ്ടേരിമുതൽ വാഴക്കാടുവരെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടിൽ തിരച്ചിൽ നടത്തി. ചാലിയാറിനെ മൂന്ന് ഭാഗങ്ങളായി തിരിച്ചായിരുന്നു അഗ്നിരക്ഷാസേനയുടെ തിരച്ചിൽ. രണ്ടുദിവസമായി ചാലിയാറിൽ പ്രത്യേക തിരച്ചിലാണ് നടന്നത്. വയനാട് പുഞ്ചിരിമട്ടം മുതൽ സൂചിപ്പാറ താഴ്ന്ന പ്രദേശംവരെയും തിരച്ചിൽ നടന്നു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ഹൈസ്കൂൾ റോഡ്, വില്ലേജ് ഓഫീസ് റോഡ്, സൂചിപ്പാറ വെള്ളചാട്ടത്തിന്റെ താഴ്ന്നപ്രദേശം എന്നിങ്ങനെ ആറുമേഖലകളായി തിരിഞ്ഞാണ് വയനാട്ടിൽ തിരച്ചിൽ.
ചൊവാഴ്ച്ച വിവിധ സേനാവിഭാഗങ്ങളിൽനിന്നായി 433 പേരും സന്നദ്ധപ്രവർത്തകരായെത്തിയ 212 പേരും 374 പൊലീസുകാരും തിരച്ചിലിന്റെ ഭാഗമായി.
ദുരന്തത്തിൽ 231 മൃതദേഹങ്ങളും 211 ശരീരഭാഗങ്ങളുമാണ് ഇതിവരെ കണ്ടെത്തിയത്. മേപ്പാടിയിൽനിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരിൽനിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽനിന്ന് 39ഉം നിലമ്പൂരിൽനിന്ന് 172 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.