ന്യൂഡൽഹി
ഉപഭോക്തൃകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സഹാറാഗ്രൂപ്പിന് രണ്ടു കോടി രൂപ പിഴ ചുമത്തി സുപ്രീംകോടതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിഴത്തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കാൻ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു.
സഹാറാഗ്രൂപ്പിലെ 10 കമ്പനി 10 ലക്ഷം വീതവും കമ്പനികളുടെ 20 ഡയറക്ടർമാർ അഞ്ചു ലക്ഷം വീതവും പിഴത്തുക കെട്ടിവയ്ക്കണം. സഹാറാഗ്രൂപ്പിന്റെ ജയ്പുരിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ പണം നൽകി ഫ്ലാറ്റുകൾ ബുക്ക് ചെയ്തവർക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റുകൾ പൂർത്തിയാക്കി നൽകിയില്ലെന്ന പരാതിയാണ് സുപ്രീംകോടതിയുടെ പരിഗണിച്ചത്.
പണം നൽകിയവർക്ക് വേഗം ഫ്ലാറ്റുകൾ നൽകണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ആറു തവണ അവസരം നൽകിയിട്ടും കമ്പനി ഉറപ്പ് പാലിക്കാത്തതിനാലാണ് പിഴ.