വയനാട്> ഉരുള്പൊട്ടല് ദുരന്തമുണ്ടായ ചൂരല്മല-മുണ്ടക്കൈ മേഖലകളില് കനത്ത മഴ. ഉരുള്പൊട്ടലിനുശേഷം, ചൂരല്മലയേയും മുണ്ടക്കൈയേയും തമ്മില് ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിര്മിച്ച താല്കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകര്ന്നു. പുഴയില് ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. അതേസമയം, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്വീണ് ഒഴുക്കില്പ്പെട്ട പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള് മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതില് ഒന്ന് ഒഴുക്കില്പ്പെട്ടത് എന്നാണ് കരുതുന്നത്.
ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയില് ഇറങ്ങിയ രക്ഷാപ്രവര്ത്തകര് വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്. അവശനിലയിലായ പശുവിന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര് പ്രാഥമിക ശുശ്രൂഷ നല്കി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിര്ദേശം നല്കിയിട്ടുണ്ട്.