അങ്കോള (കർണാടകം)
കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ ചൊവ്വാഴ്ച പുനരാരംഭിക്കും. തിങ്കൾ ഉച്ചയ്ക്കുശേഷം കാർവാറിൽനിന്നുള്ള നാവികസംഘം ട്രക്കുവീണ ഗംഗാവലിപ്പുഴയിൽ പ്രാഥമിക തിരച്ചിൽ നടത്തി.
ഒഴുക്ക് കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ തിരച്ചിലിനുപറ്റിയ സമയമാണെന്നും ട്രക്കുടമ മനാഫ് പറഞ്ഞു. അർജുന്റെ സഹോദരൻ അഭിജിത്ത്, സഹോദരീഭർത്താവ് ജിതിൻ എന്നിവരും ഷിരൂരിൽ എത്തി. ചൊവ്വാഴ്ച തിരച്ചിൽ തുടങ്ങുമെന്നാണ് അനൗദ്യോഗികമായി അറിയുന്നതെന്ന് ജിതിൻ പറഞ്ഞു.
തിരച്ചിൽ ഉടൻ നടത്തണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തിരച്ചിൽ തുടങ്ങുന്ന കാര്യം ഇപ്പോഴും ഉത്തര കന്നഡ ജില്ലാ അധികൃതർ ഔദ്യോഗികമായി പറയുന്നില്ല. പുഴയിൽ ഒഴുക്കുള്ളതിനാൽ തിരച്ചിൽ ബുദ്ധിമുട്ടാണെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തിങ്കളാഴ്ചയും പ്രതികരിച്ചത്. കഴിഞ്ഞ മാസം 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനൊപ്പം രണ്ട് കർണാടകക്കാരെയും കണ്ടെത്താനുണ്ട്.