തിരുവനന്തപുരം > വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് മെഡിക്കല്‍ കോളേജുകളിലുള്ള സൈക്യാട്രി ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ നിർദേശം. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
വയനാട്ടിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നിലവിൽ നല്കി വരുന്നു. തിങ്കളാഴ്ച മാത്രം 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 222 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 386 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 18 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്കി.
ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം ഇതുവരെ 1592 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി.തിങ്കഴാഴ്ച 12 ഹെല്‍ത്ത് ടീമുകള്‍ 274 വീടുകള്‍ സന്ദര്‍ശിക്കുകയും പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.