കൽപ്പറ്റ > വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിലെ തിരച്ചിലിൽ ഇരുട്ടുകുത്തി, കൊട്ടുപാറ, സൂചിപ്പാറ എന്നിവടങ്ങളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്.
ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ഏഴ് മേഖലകളായി തിരിച്ചാണ് നാളെ തിരച്ചിൽ നടത്തുന്നത്. ചാലിയാറിലും തിരച്ചിൽ തുടരും. നാളെ മലപ്പുറത്തും തിരച്ചിലുണ്ടാകും. 53 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
1722 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 5 പുരുഷന്മാർ, 10 സ്ത്രീകൾ, 18 വയസിൽ താഴെയുള്ള 6 കുട്ടികൾ എന്നിങ്ങനെ 21 പേർ ഉരുൾപൊട്ടലിൽ പൂർണമായും ഒറ്റപ്പെട്ടു. ഇവരുടെ പുനരധിവാസം സംബന്ധിച്ച് പോളിസി തയാറാക്കി.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്കാലിക പുനരധിവാസം ഉടൻ നടപ്പാക്കും.മേപ്പാടി, മുപ്പെയാനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ എന്നീ ആറ് പഞ്ചായത്തുകൾക്കുള്ളിൽ ക്യാമ്പിലുള്ളവരെ വാടകയിനത്തിൽ പുനരധിവസിപ്പിക്കുന്നത് പരിഗണിക്കും.