പാരിസ്
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അത്ലീറ്റുകൾ പാരിസിനോട് വിടചൊല്ലി. സെൻ നദിക്ക് അഭിമുഖമായുള്ള സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ സംഗമിച്ചശേഷമായിരുന്നു മടക്കം. നൃത്തസംഗീത വിരുന്നൊരുക്കിയായിരുന്നു യാത്രാമൊഴി. ഉദ്ഘാടചടങ്ങിൽ അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റ് സെൻ നദിയിൽ ബോട്ടിലായിരുന്നു. സമാപനം എമ്പതിനായിരം പേരുടെ സാനിധ്യത്തിൽ സ്റ്റേഡിയത്തിലും.
ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. അത്ലീറ്റുകൾ ദേശീയപതാകയേന്തി സ്റ്റേഡിയത്തെ വലംവെച്ചു. ചടുലസംഗീതത്തിനൊത്ത് അവർ ചുവടുവെച്ചു. ദേശീയ പതാകയുമായി മലയാളി ഹോക്കിതാം പി ആർ ശ്രീജേഷും ഷൂട്ടിങ് ഇരട്ട മെഡൽ ജേത്രി മനു ഭാകറും ഇന്ത്യയെ നയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാകും നേതൃത്വം നൽകി. വനിതാ മാരത്തൺ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ഹോളിവുഡ് താരം ടോണിക്രൂസ് ചടങ്ങിനെത്തി. നാല് സ്വർണം നേടിയ ഫ്രഞ്ച് നീന്തൽതാരം ലിയോൺ മർച്ചന്റ് ദീപം സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നു.
സമാപനചടങ്ങിനൊടുവിൽ അടുത്ത ഒളിമ്പിക്സ് വേദിയായ ലൊസ് ആഞ്ചലസ് മേയർ കരൻ ബാസ് പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്നും ഒളിമ്പിക്സ് പതാക സ്വീകരിച്ചു. മൂന്നം തവണയാണ് അമേരിക്കൻ നഗരമായ ലൊസ്ആഞ്ചലസ് ആതിഥേയരാവുന്നത്.