പാരീസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടവുമായി ഇന്ത്യക്ക് അഭിമാനമാകുകയാണ് മലയാളി താരം പി.ആർ ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾക്കീപ്പറായ താരം ഒളിംപിക്സിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പാരീസ് ഒളിംപിക്സിന് തിരശീലവീഴാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശ്രീജേഷ് പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.
പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മുണ്ടുടുത്ത് മാസ്സ് ലുക്കിൽ വെങ്കല മെഡലുമായി പോസുചെയ്യുന്ന ഫൊട്ടോയാണ് ശ്രീജേഷ് പങ്കുവച്ചിരിക്കുന്നത്. ശ്രീജേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റു ചെയ്തത്. ‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ജനപ്രിയമായ ‘എടാ മോനെ…’ എന്ന ഡയലോഗും താരം ചിത്രത്തിനൊപ്പം ക്യാപ്ഷനായി നൽകിയിട്ടുണ്ട്.
നിരവധി ആരാധകരാണ് ശ്രീജേഷിന്റെ പോസ്റ്റിൽ കമന്റുമായെത്തുന്നത്. ഒളിംപിക്സിന്റെ സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്താൻ ശ്രീജേഷുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഗുസ്തി താരം മനു ഭാക്കറും ശ്രീജേഷിനൊപ്പമുണ്ടാകും.
ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. പാരീസ് ഒളിമ്പിക്‌സിൽ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഒളിംപിക്സിന്റെ സമാപനത്തിൽ ഗംഭീര പരിപാടികളാണ് പാരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച 12.30 നാണ് സമാപന ചടങ്ങുകൾക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാൻസിലാണ് ചടങ്ങുകൾ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിമ്പിക്‌സ് പതാക 2028 ഒളിംപിക്സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് കൈമാറും.
Read More
- ഒളിമ്പിക്‌സിന് ഇന്ന് സമാപനം; നേട്ടം ആവർത്തിക്കാനാവാതെ ഇന്ത്യ
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം