പാരിസ്
ഇടിക്കൂട്ടിൽനിന്ന് ഇമാനെ ഖലീഫ് ഉറക്കെ പറയുന്നു ‘ഞാനും ഒരു പെണ്ണ്. വെറുപ്പ് പടർത്തുന്നവരേ, നിങ്ങൾക്കുള്ള മറുപടി ഈ സ്വർണ മെഡൽ’. എല്ലാ അപമാനങ്ങൾക്കും അൾജീരിയൻ വനിതാ ബോക്സർ പൊന്നിലൂടെ മറുപടി നൽകി. 66 കിലോഗ്രാം വിഭാഗത്തിലാണ് ചാമ്പ്യനായത്. ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെ നിഷ്പ്രഭമാക്കി (5–-0).
ഇമാനെ പെണ്ണല്ലെന്നും പുരുഷനാണെന്നും ആരോപിച്ച് വ്യാപക പ്രചാരണമായിരുന്നു പാരിസിൽ. യൂറോപ്യൻ മാധ്യമങ്ങളും ഇതേറ്റുപിടിച്ചു. പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ 46 സെക്കൻഡുകൾകൊണ്ട് ഇടിച്ചിട്ടതോടെയാണ് വിദ്വേഷപ്രചാരണങ്ങൾക്ക് തുടക്കം. മത്സരശേഷം കാരിനി ഇമാനെ പെണ്ണല്ലെന്നും ഈ മത്സരം ന്യായമല്ലെന്നും ആരോപിച്ചു. പിന്നീടങ്ങോട്ട് വേട്ടയാടലുകളുടെ ദിനങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിലും പാരിസിലെ വേദികളിലും അപമാനിക്കപ്പെട്ടു.
‘എന്തിനാണ് അവർ എന്നെ വെറുക്കുന്നതെന്ന് അറിയില്ല. ജനിച്ചതും ജീവിക്കുന്നതും മത്സരിച്ചതും പെണ്ണായിട്ടാണ്. എന്റെ അസ്തിത്വം ഇനിയും എങ്ങനെ തുറന്നുകാട്ടണം’–-ഇരുപത്തഞ്ചുകാരി ചോദിക്കുന്നു. ഇടിക്കൂട്ടിൽ ആദ്യമായല്ല ഈ അനുഭവം. കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷൻ വിലക്കി. ലോകചാമ്പ്യൻഷിപ് ഫൈനലിൽ കടന്നശേഷമായിരുന്നു അയോഗ്യയാക്കിയത്.
ശരീരത്തിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റെറോൺ അമിത അളവിലുണ്ടെന്ന് പറഞ്ഞായിരുന്നു വിലക്ക്. എന്നാൽ, ഇതിന് മതിയായ തെളിവുണ്ടായില്ല. തായ്വാന്റെ ലിൻ യു ടിങ്ങുവിനെ ഇതേ രീതിയിൽ മാറ്റിനിർത്തി. എന്നാൽ, പാരിസിൽ രാജ്യാന്തര ഒളിമ്പിക് സമിതി വിലക്ക് പിൻവലിച്ചു. ന്യായീകരണമില്ലാത്ത മാറ്റിനിർത്തൽ എന്നായിരുന്നു പ്രതികരണം. ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ വനിതാ ആഫ്രിക്കൻ–-അറബ് ബോക്സറാണ് ഇമാനെ.