ഗാസ സിറ്റി
ഹമാസ് കേന്ദ്രമെന്നാരോപിച്ച് ഇസ്രയേൽ ഗാസയിലെ അഭയാർഥികേന്ദ്രമായ സ്കൂളില് ബോംബിട്ട് നൂറിലേറെപ്പേരെ വധിച്ച സംഭവത്തില് ശക്തമായ പ്രതിഷേധമറിയിച്ച് അറബ്ലോകം. ആക്രമണത്തിൽ ഇസ്രയേലിനെക്കൊണ്ട് ഉത്തരംപറയിക്കുവാൻ ലോകരാജ്യങ്ങൾക്കും യുഎൻ സുരക്ഷാ കൗൺസിലിനും ബാധ്യതയുണ്ടെന്ന് ഇസ്ലാമിക് സഹകരണ സംഘടന ഓർമപ്പെടുത്തി. ഇസ്രയേലിന്റേത് യുദ്ധകുറ്റമാണെന്ന് ഇറാന് പ്രതികരിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്ന് എഴുപതിനായിരത്തിലധികംപേരെ ഒഴിപ്പിക്കാനാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിടുന്നതെന്നത് പലസ്തീൻ അഭയാർഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി വ്യക്തമാക്കി.
പലസ്തീനിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധിയായ ഫ്രാൻസെസ്ക അൽബനീസ് ഗാസയിലെ രക്തച്ചൊരിച്ചിലിൽ ലോകരാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗതയെ ശക്തമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപറത്തി ഇസ്രയേൽ തുടരുന്ന വംശഹത്യയ്ക്ക് കുടപിടിക്കുന്ന യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും അൽബനീസ് കുറ്റപ്പെടുത്തി.
ഗാസയിൽ ഇസ്രയേൽ നടത്തിയ കൂട്ടക്കൊലയെ ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി ജോസപ് ബോറൽ പ്രതികരിച്ചു.