തൃശൂർ
അത്യൂൽപാദനശേഷിയും രോഗപ്രതിരോധ ശേഷിയുള്ളതുമായ പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നതിന് റോബോട്ടിക് ഗ്രാഫ്റ്റിങ് യന്ത്രം. ദിവസം 2000 തൈകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കാർഷിക സർവകലാശാലയിലെ പച്ചക്കറി സയൻസ് വിഭാഗത്തിലാണ് കേരളത്തിൽ ആദ്യമായി സ്ഥാപിച്ചിട്ടുള്ളത്. പച്ചക്കറി ഗ്രാഫ്റ്റിങ് ടെക്നോളജിയുടെ തറവാടെന്ന് അറിയപ്പെടുന്ന ജപ്പാനിലെ ശാസ്ത്രജ്ഞൻ യന്ത്രം കണ്ട് അത്ഭുതം കൂറി.
സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം ചെലവിൽ സൗത്ത് കൊറിയയിൽ നിന്നാണ് റോബോട്ടിക് ഗ്രാഫ്റ്റിങ് യന്ത്രം ഇറക്കുമതി ചെയ്തത്. മാനുഷികമായി തൈകൾ ഒട്ടിക്കുന്നതിന്റെ നാലിരട്ടി യന്ത്രം ഉപയോഗിച്ച് ഉൽപാദിപ്പിക്കാമെന്ന് പച്ചക്കറി സയൻസ് വിഭാഗം മേധാവി ഡോ. ടി പ്രദീപ് പറഞ്ഞു. അത്യൂൽപാദനശേഷിയുള്ള തക്കാളി, മുളക് തൈകളാണ് ഇതുപയോഗിച്ച് ഉൽപാദിപ്പിക്കുന്നത്. ഗ്രാഫ്റ്റഡ് ഹൈബ്രിഡ് ടുമാറ്റോ, ഗ്രാഫ്റ്റഡ് ഹൈബ്രിഡ് ചില്ലി എന്നീ പേരുകളിലുള്ള തൈകൾ അഞ്ചുരൂപ നിരക്കിൽ സർവകലാശാലയിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തക്കാളിയിൽ രോഗബാധ കുടുതലാണ്. അത് തടയാൻ വാട്ടരോഗം ഉൾപ്പടെ പ്രതിരോധിക്കുന്ന ഹരിത വഴുതന തൈകളുടെ തണ്ടിലാണ് ഹൈബ്രീഡ് തക്കാളിയുടെ തണ്ട് ഒട്ടിക്കുന്നത്. ഒരു തട്ടിൽ വേരുപിടിച്ച വഴുതന തൈകൾ വയ്ക്കും. ഇതിന്റെ മുകൾ ഭാഗം യന്ത്രം അറുത്തുമാറ്റും. മറുത്തട്ടിൽ തക്കാളി തൈകൾ വയ്ക്കും. ഈ ചെടികളുടെ അടിഭാഗവും യന്ത്രം അറുക്കും. നിമിഷങ്ങൾക്കകം രണ്ടു തൈകളും ഒട്ടിച്ച് ക്ലിപ്പിടും.
ഹ്യുമിഡ് ചേമ്പറിലേക്ക് തൈകളെ മാറ്റി രണ്ടാഴ്ചക്കുശേഷം ക്ലിപ്പ്മാറ്റും. തൈകൾ വിൽക്കും. കാന്താരിയുടെ ജീനായ രോഗപ്രതിരോധശേഷിയുള്ള ഉജ്വല മുളക് തൈകളിലാണ് മറ്റു മുളക് തൈകൾ ഒട്ടിക്കുന്നത്. വെള്ളിയാഴ്ച ജപ്പാൻ ഹിറ്റൊത് സുഭാഷി യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സിലെ ശാസ്ത്രജ്ഞൻ ഡോ. തകാഷി കുറസാക്കി കാർഷിക എത്തിയിരുന്നു.
വെള്ളാനിക്കരയിലെ പച്ചക്കറി സയൻസ് വിഭാഗത്തിൽ എത്തിയ തകാഷി റോബോട്ടിക് ഗ്രാഫ്റ്റിങ് യന്ത്രം കണ്ടതോടെ അത്ഭുതമായി. ജപ്പാനിൽ ഇത്തരം യന്ത്രങ്ങൾ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.