കോഴിക്കോട് > ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎൽസിസിഎസ്) ഐസിഎ ഡോമസ് ട്രസ്റ്റും (ഐഡിടി) മൂന്നു ദിവസത്തെ ദേശീയ കോ-ഓപ് പിച്ച് 2024’ സംഘടിപ്പിക്കുന്നു. യുഎൽസിസിഎസിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായ പരിപാടി 2024 ഒക്ടോബർ 16 മുതൽ 18 വരെ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎംകെ) നടക്കും.
യുവാക്കൾക്ക് സഹകരണ സംരംഭകത്വം, അതിന്റെ തത്വങ്ങൾ, സമ്പ്രദായങ്ങൾ, സാധ്യതയുള്ള സംരംഭങ്ങൾ എന്നിവയടക്കം പഠിക്കാൻ കോ-ഓപ് പിച്ച് 2024 സഹായകമാകും. കൂട്ടായ സംരംഭകത്വത്തിനും നൂതന ബിസിനസ്സ് ആശയങ്ങൾക്കും ഊന്നൽ നൽകുന്ന പ്രായോഗിക പ്രവർത്തനങ്ങൾ മൂന്നു ദിവസത്തെ പരിപാടിയിൽ ഉണ്ടാകും. വർക്ക് ഷോപ്പുകൾ, ശേഷി വർദ്ധിപ്പിക്കുന്ന സെഷനുകൾ, തുടർച്ചയായ മാർഗ്ഗനിർദ്ദേശം, മെന്റർഷിപ് എന്നിവയും കോ-ഓപ് പിച്ച് 2024ൽ നടക്കും.
വർക് ഷോപ്പുകൾക്കും സെഷനുകൾക്കും പുറമേ, മികച്ച ഫൈനലിസ്റ്റ് ടീമുകൾക്ക് ഗ്രാന്റ് പണവും മത്സരവേളയിൽ അവർ സൃഷ്ടിക്കുന്ന ആശയങ്ങൾ സഹകരണസംരംഭങ്ങളായി വികസിപ്പിക്കാൻ വേണ്ട വിഭവങ്ങളും മാർഗ്ഗനിർദ്ദേശവും ഉറപ്പാക്കുന്ന ഒരു വർഷത്തെ മെന്റർഷിപ്പും നൽകും. യുവജനങ്ങൾക്കിടയിൽ സഹകരണ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മത്സരം ഉൾപ്പെടെയുള്ള പരിപാടിയിൽ ഐഐഎം-കെ യും ടിങ്കർ ഹബ്ബും പങ്കുചേരും. താത്പര്യമുള്ള യുവസംരംഭകർക്ക് 2024 ഓഗസ്റ്റ് 15 നു മുൻപ് idt.coop/coop-pitch/registration/ വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://idt.coop/coop-pitch/