തിരുവനന്തപുരം
വേനൽക്കാല താരിഫിൽ നിന്ന് 32 ലക്ഷം ഉപഭോക്താക്കളെ ഒഴിവാക്കി വൈദ്യുതി നിരക്ക് ശുപാർശചെയ്ത് കെഎസ്ഇബി.വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന ജനുവരി മുതൽ മേയ് വരെ 10 പൈസ നിരക്ക് വർധന ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി നിർദേശിച്ചിരുന്നു. എന്നാൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 26 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന എൽടി 6 (ഡി) ജനറൽ വിഭാഗങ്ങളും ഉൾപ്പെടുന്ന 32 ലക്ഷം ഉപഭോക്താക്കളെ വർധനയിൽ നിന്ന് ഒഴിവാക്കും. സ്ഥിരമായി ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കാനും നിർദേശമുണ്ട്.
അർബുദബാധിതരോ, ഭിന്നശേഷിക്കാരോ ഉള്ള ബിപിഎൽ കുടുംബങ്ങളിൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിനും എൻഡോസൾഫാൻ ദുരിതബാധിതരുള്ള കുടുംബങ്ങളിൽ പ്രതിമാസം 150 യൂണിറ്റ് വരെ ഉപഭോഗത്തിനും 1.50 രൂപ നിരക്ക് മാത്രമായിരിക്കും ഈ കാലയളവിൽ ഈടാക്കുക. പകൽ സമയത്ത് 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന 7.88ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോ വാട്ടിന് മുകളിൽ ഉപയോഗിക്കുന്ന 21,000 എൽടി 4 വിഭാഗത്തിലെ വ്യാവസായിക ഉപഭോക്താക്കൾക്കും താരിഫ് ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന് എത്തിക്കാൻ ഏഴുരൂപ 16 പൈസ ചെലവ് വരുമ്പോൾ യൂണിറ്റിന് 56 പൈസ കുറച്ച് ആറുരൂപ 60 പൈസ മാത്രമാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതെന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാവാത്ത ശുപാർശയാണ് റെഗുലേറ്ററി കമീഷന് നൽകിയതെന്നും കെഎസ്ഇബി വ്യക്തമാക്കി.