പാരിസ്
കടമ്പകളിൽ സിഡ്നി മക്ലോഫ്ളിൻ ലെവ്റോണിന് എതിരാളിയില്ല. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അമേരിക്കക്കാരി ലോകറെക്കോഡോടെ സ്വർണം നേടി. സ്വന്തംപേരിലുണ്ടായിരുന്ന 50.65 സെക്കൻഡ് സമയം 50.37 സെക്കൻഡായി പുതുക്കി. ടോക്യോ ഒളിമ്പിക്സിലും ഇരുപത്തഞ്ചുകാരിയായിരുന്നു ഒന്നാമത്. മക്ലോഫ്ളിന് കടുത്ത ഭീഷണിയാകുമെന്ന് കരുതിയ ലോകചാമ്പ്യൻ നെതർലൻഡ്സിന്റെ ഫെംകെ ബോൽ (52.15) മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയുടെ അന്ന കോക്റെല്ലിനാണ് (51.87) വെള്ളി.
പുരുഷ 110 മീറ്റർ ഹർഡിൽസിൽ അമേരിക്കക്കാരൻ ഗ്രാന്റ് ഹോളോവെ (12.99 സെക്കൻഡ്) ഒന്നാമതായി. വനിതാ ലോങ്ജമ്പിലും അമേരിക്ക സ്വർണമണിഞ്ഞു. താര ഡേവിസ് വുഡ്ഹാൾ 7.10 മീറ്റർ ചാടി ചാമ്പ്യനായി.















