കൊച്ചി
പ്രണയബന്ധം വീട്ടിലറിയിച്ചതിന് പ്രതികാരമായി സ്കൂൾ വിദ്യാർഥിനി നൽകിയ വ്യാജ പീഡനപരാതിയിൽ അറസ്റ്റിലായ ബന്ധുക്കളായ യുവാക്കൾക്ക് 68 ദിവസത്തിനു ശേഷം ജാമ്യം. പരാതി വ്യാജമാണെന്ന് പെൺകുട്ടി ഹെെക്കോടതിയിലെത്തി മൊഴി നൽകിയതോടെയാണ് ജാമ്യം അനുവദിച്ചത്. ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന പത്തൊമ്പതുകാരനും ഇരുപതുകാരനും കൗൺസലിങ് നൽകാനും ജാമ്യം അനുവദിച്ച് ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും കോടതി പറഞ്ഞു.
സഹപാഠിയുമായുള്ള പ്രണയബന്ധം യുവാക്കൾ പെൺകുട്ടിയുടെ അമ്മയെ അറിയിച്ചതാണ് വെെരാഗ്യത്തിന് കാരണം. ബന്ധുക്കൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നല്കുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിനുമുമ്പ് ജാഗ്രത വേണമെന്നും സർക്കാർ മാർഗനിർദേശം രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.
എറണാകുളം തടിയിട്ടപറമ്പ് പൊലീസെടുത്ത പോക്സോ കേസിൽ ബലാത്സംഗ കുറ്റവും ചുമത്തിയിരുന്നു. യുവാക്കളിലൊരാൾ പെൺകുട്ടി ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡിപ്പിച്ചെന്നായിരുന്നു പരാതി. മെയ് 30നാണ് യുവാക്കൾ അറസ്റ്റിലായത്. ഇരുവരുടെയും ജാമ്യഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന പെൺകുട്ടിയുടെയും അച്ഛന്റെയും സത്യവാങ്മൂലവും നൽകി. കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. പ്രണയബന്ധം അറിഞ്ഞതോടെ സ്കൂളിൽ വിടുന്നത് വിലക്കിയതായും യുവാക്കൾ ജയിലിലാകുമെന്നു കരുതിയിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് യുവാക്കൾക്ക് ജാമ്യം അനുവദിച്ചത്.