ചൂരൽമല
ദുരന്തംപൊട്ടിയൊലിച്ച് കണ്ണീർക്കടലായ മണ്ണിൽ ഉറ്റവരെ തേടി അവർ തിരിച്ചെത്തി. ചൂരൽമലയിലും മുണ്ടക്കൈയിലും കാണാതായവരെ കണ്ടെത്താൻ നാട്ടുകാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തി. സേനാവിഭാഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ. സംശയമുള്ളതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ ഇടങ്ങളിലെല്ലാം മണ്ണുമാന്തികൾ ഉപയോഗിച്ച് തിരഞ്ഞു.
പൊലീസിന്റെ കെഡാവർ നായകളെയും ഉപയോഗപ്പെടുത്തിയായിരുന്നു ദൗത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ ജനകീയ തിരച്ചിൽ പകൽ 11 വരെയായി പരിമിതപ്പെടുത്തി. ഞായർ വിപുലമായി പുനരാരംഭിക്കും. മുപ്പതോളം പ്രദേശവാസികളാണ് സഹായിക്കാൻ എത്തിയത്. ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും കേന്ദ്രീകരിച്ചായിരുന്നു ദൗത്യം. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല അങ്ങാടി, സ്കൂൾ റോഡ്, വില്ലേജ് റോഡ്, സൂചിപ്പാറ എന്നിങ്ങനെ ആറു മേഖലകളായി തിരിച്ച് പരിശോധിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ഭാഗമായി. പൊലീസ്, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, റവന്യു ജീവനക്കാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു തിരച്ചിൽ സംഘം.
സൂചിപ്പാറ
ഉൾവനത്തിൽനിന്ന്
3 മൃതദേഹം കണ്ടെത്തി
സൂചിപ്പാറ ഉൾവനത്തിൽനിന്ന് വെള്ളിയാഴ്ച മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെത്തി. ഉരുൾപൊട്ടലിൽ അടിഞ്ഞുകൂടിയ മരത്തടികൾക്കിടയിൽനിന്നാണ് രണ്ടുമൃതദേഹവും ഒരു കാലും കിട്ടിയത്. സമീപത്തെ പാറയിൽനിന്ന് കുട്ടിയുടേതെന്ന് സംശയിക്കുന്ന ശിരസ്സറ്റ മറ്റൊരു മൃതദേഹം ലഭിച്ചതായും രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തകരായ എട്ടംഗ സന്നദ്ധസംഘത്തെ എയർലിഫ്റ്റിലൂടെയാണ് വനത്തിൽനിന്ന് പുറത്തെത്തിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
താൽക്കാലികമായി 125 വാടകവീടുകൾ
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ താൽക്കാലികമായി താമസിപ്പിക്കാനുള്ള 125 വാടകവീടുകൾ കണ്ടെത്തിയതായി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ ഫർണിച്ചറും വീട്ടുപകരണങ്ങളും എത്തിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സംസാരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. 226 പേരുടെ മൃതദേഹമാണ് ഇതിനകം കണ്ടെത്തിയത്. 197 ശരീരഭാഗങ്ങളും. ആകെ 423. വെള്ളിയാഴ്ച ഒരു മൃതദേഹവും രണ്ട് ശരീരാവശിഷ്ടവും സംസ്കരിച്ചു. 78 പേർ ചികിത്സയിലുണ്ടെന്നും –- മന്ത്രിമാർ പറഞ്ഞു.
ഇന്ന് കർശന നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളിൽ ശനിയാഴ്ച തിരച്ചിലുണ്ടാവില്ല. സന്നദ്ധ പ്രവർത്തകർ, മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനമില്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.