തിരുവനന്തപുരം > വ്ലോഗർ സൂരജ് പാലാക്കരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. ‘യുവനടിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ‘നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’ എന്ന് തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് പ്രതികരണം. ഇരയെന്നോ യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല, മാധ്യമ ധർമ്മം കൃത്യമായി വിനിയോഗിക്കണമെന്നും തന്റെ പേര് തന്നെ പറയണമെന്നും റോഷ്ന ആൻറോയ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
റോഷ്ന ആൻറോയ്യെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വെള്ളിയാഴ്ച പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് അപമര്യദയായി പെരുമാറിയ കെഎസ്ആർടിസി ഡ്രൈവർ യദു തന്നോടും മോശമായി പെരുമാറിയിരുന്നു എന്ന് പറഞ്ഞ് റോഷ്ന രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നേടിക്കെതിരെയുള്ള സൂരജ് പാലാക്കാരന്റെ അധിഷേപ പരാമർശം.
2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????
ഇരയെന്നോ. യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല …
മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …
എന്തായാലും നിങ്ങൾ fame കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ തന്നെ വേണം കൊടുക്കാൻ !!!!!
എന്റെ പേരിനോടൊപ്പം “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ നിങ്ങൾ എന്താണോ ഉദ്ദേശിച്ചതു അത് വേണ്ടപോലെ എനിക്ക് കിട്ടി ബോധിച്ചു ..