തിരുവനന്തപുരം> വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ജൂലൈ 30 മുതൽ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500).
പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.