ചൂരൽമല
ഉരുളെടുത്ത ചൂരൽമലയിൽ റേഷൻ വിതരണം ഉറപ്പിച്ച് എആർഡി 44, 46 റേഷൻ കടകൾ. കടകൾ തകർന്നെങ്കിലും റേഷൻ മുടക്കില്ലെന്ന തീരുമാനമായിരുന്നു. അങ്ങാടിക്കപ്പുറം ആരംഭിച്ച പുതിയ കടയിൽനിന്ന് ദുരന്തത്തിനുശേഷം 21 പേർ റേഷൻ വാങ്ങി. ചൂരൽമലയുടെ സമീപപ്രദേശങ്ങളായ നീലിക്കാപ്പ്, ഏലവയൽ, പുത്തുമല, കള്ളാടി പ്രദേശങ്ങളിലുള്ളവരാണ് റേഷൻ വാങ്ങാനെത്തിയത്.
പുഴുക്കലരി, പച്ചരി, കുത്തരി, ഗോതമ്പ്, ആട്ട, മണ്ണെണ്ണ എന്നിവ സൗജന്യമായാണ് നൽകുന്നത്. 1767 കാർഡുകളാണ് രണ്ട് റേഷൻകടകളിലായുമുള്ളത്. പുത്തുമലയിൽ 2019ലുണ്ടായ ദുരന്തത്തിനുശേഷം എആർഡി 46ലെ 160 പേരുടെ കാർഡ് മറ്റു റേഷൻകടകളിലേക്ക് മാറ്റിയിരുന്നു. കണക്കെടുപ്പും പുനരധിവാസവും കഴിയുമ്പോൾ എത്ര കാർഡുകൾ ഇവിടെ ബാക്കിയാകുമെന്ന ആശങ്കയിലാണെന്നും എത്തുന്നവർക്കെല്ലം റേഷൻ ഉറപ്പിക്കുമെന്നും ലൈസൻസിമാരായ എൻ മനോജ്, പി കെ കുഞ്ഞമ്മദ് എന്നിവർ പറഞ്ഞു. നഷ്ടമായ റേഷൻ കാർഡുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.