തിരുവനന്തപുരം
കേരളത്തിന് വരൾച്ചാ ദുരിതാശ്വാസത്തുകയും നൽകാതെ കേന്ദ്രം. ഫെബ്രുവരിമുതൽ മെയ്വരെ സംസ്ഥാനത്ത് കടുത്ത ചൂടിലും വരൾച്ചയിലും 46, 587 ഹെക്ടറിലെ കൃഷി നശിച്ചിരുന്നു. കൃഷി മന്ത്രി പി പ്രസാദ് കത്തിലൂടെയും നേരിട്ടും ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. 56, 947 കർഷകരുടെ കൃഷിയാണ് നശിച്ചത്. ആകെ 375.81 കോടിരൂപയുടെ നാശമുണ്ടായെന്നും തുക അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
കേരളത്തിൽനിന്നുള്ള ലോക്സഭാ, രാജ്യസഭാ അംഗങ്ങൾ ഇതുസംബന്ധിച്ച് വിശദമായ കത്തും നൽകി. കൂടുതൽ നാശമുണ്ടായത് ഏലക്കൃഷിയിലാണ്. വാഴ, കുരുമുളക്, പച്ചക്കറി, നെല്ല്, തെങ്ങ് കൃഷിയിലും വൻതോതിൽ വിളനാശമുണ്ടായി.
2,884 ഹെക്ടറിലായി 8,401 പേരുടെ വാഴ നശിച്ചു. നഷ്ടം 67.43 കോടി രൂപ. 3,182 ഹെക്ടറിലായി 5,638 പേരുടെ കുരുമുളക് കൃഷിയും നശിച്ചു. നഷ്ടം 60.72 കോടി. 30,536 ഹെക്ടറിലെ ഏലക്കൃഷിയാണ് നശിച്ചത്. 22,376 കർഷകരെ ഇത് ബാധിച്ചു.നഷ്ടം 171.16 കോടി രൂപ. 4,362പേരുടെ നെൽക്കൃഷി നശിച്ചു. 43.62 കോടിയുടെ നഷ്ടം സംഭവിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് വരൾച്ച കൂടുതൽ നാശം വിതച്ചത്. ഇത് പഠിക്കാൻ വിദഗ്ധ സമിതിയെയും കൃഷി വകുപ്പ് നിയോഗിച്ചിരുന്നു.