കൊച്ചി
അരൂർ–-തുറവൂർ ഉയരപാതനിർമാണ അലൈൻമെന്റിൽ പോരായ്മയുണ്ടെങ്കിൽ വിശദീകരണം നൽകാൻ ദേശീയപാത അതോറിറ്റിയോട് ഹെെക്കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ നാറ്റ്പാക്കിനെ കക്ഷിചേർത്തു. നിർമാണം നടക്കുന്ന റോഡുകളിലെ വെള്ളക്കെട്ടും ചെളിയും നീക്കാൻ കരാറുകാരോട് നിർദേശിച്ചിട്ടുണ്ടെന്നും പെെലിങ് നടത്തുമ്പോഴുണ്ടാകുന്ന ചെളി റോഡിലേക്ക് തള്ളുന്നതാണ് ഗതാഗതം ദുഷ്കരമാക്കുന്നതെന്നും സർക്കാർ അറിയിച്ചു.
ഉയരപാതനിർമാണം നടക്കുന്ന അരൂർ-–-തുറവൂർ ഭാഗത്ത് അപകടമരണങ്ങൾ ഉണ്ടായെന്ന് കുത്തിയതോട് പൊലീസ് അറിയിച്ചു. സ്ഥലത്ത് ഗതാഗതനിയന്ത്രണത്തിന് നടപടിയെടുക്കുമെന്നും നിർമാണ അവശിഷ്ടങ്ങളുംമറ്റും നീക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് നിർദേശിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സർവീസ് റോഡുകളും കാനകളും കാര്യക്ഷമമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് എഴുപുന്ന സൗത്ത് സ്വദേശി ലിജിൻ നൽകിയ ഹർജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ് മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
തേവര–-കുണ്ടന്നൂർ പാലത്തിലെ താൽക്കാലിക ടാറിങ് ഉടൻ പൂർത്തിയാക്കുമെന്ന് കരാറുകാർ അറിയിച്ചു. പാലത്തിന്റെ ശാസ്ത്രീയനിർമാണം മഴ കുറയുന്നതോടെ സെപ്തംബറിൽ തുടങ്ങുമെന്നും ഇതിന് ടെൻഡറടക്കം നൽകിയിട്ടുള്ളതാണെന്നും സർക്കാരും അറിയിച്ചു. മരട് സ്വദേശി ബോബൻ നെടുംപറമ്പിൽ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.