തിരുവനന്തപുരം
അങ്കമാലി-–-ശബരി റെയിൽപ്പാത പദ്ധതിയുമായി കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നത്. 1997––98ൽ റെയിൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരംവരെ 70 കിലോമീറ്റർ സ്ഥലമേറ്റെടുക്കൽ ആരംഭിച്ചതുമാണ്.
പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ എടുക്കാമെന്ന് ഉറപ്പു നൽകിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രം തയ്യാറായില്ല. പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കാലതാമസം എസ്റ്റിമേറ്റിൽ വൻവർധനയുണ്ടാക്കി. ആദ്യ എസ്റ്റിമേറ്റിൽ ചെലവ് 2,815 കോടിയായിരുന്നു. പുതുക്കിയപ്പോൾ 3,811 കോടിയായി. 36 ശതമാനം വർധന. ഇതിന്റെ ഭാരവും സംസ്ഥാനം എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്താനും നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 2021 സെപ്തംബർ 18ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. 2021 ഒക്ടോബറിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിച്ചു. അങ്കമാലി–– ശബരിപാത ഉൾപ്പെടെ വിവിധ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് 2023 ജൂൺ 30ന് വീണ്ടും കത്തെഴുതി. 2021 മുതൽ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. 2022 ആഗസ്ത് 17ന് റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഉന്നയിച്ചു. ഈ വർഷം ജൂൺ 21ന് കേന്ദ്രമന്ത്രിക്ക് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ വിശദമായ കത്തയച്ചിട്ടുണ്ട്.
കിഫ്ബിയുടെ വായ്പാബാധ്യത സംസ്ഥാനത്തിന്റെ t പരിധിയിൽനിന്ന് ഒഴിവാക്കിയാൽ ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവിന്റെ 50ശതമാനം ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
അലംഭാവം കാണിച്ചത് കേന്ദ്രവും റെയിൽവേയും: മുഖ്യമന്ത്രി
അങ്കമാലി–-ശബരി റെയിൽപ്പാത നിർമാണവുമായി ബന്ധപ്പെട്ട കേന്ദ്ര റെയിൽവെ മന്ത്രിയുടെ മറുപടി രാഷ്ട്രീയപ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്വം നിറവേറ്റുന്നതിൽനിന്നുള്ള ഒളിച്ചോട്ടമാണിത്. 1997-–-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനം നൽകിയതാണ്. അലൈൻമെന്റ് അംഗീകരിച്ചു. അങ്കമാലിമുതൽ രാമപുരംവരെ സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് ഉറപ്പുംനൽകി. എന്നിട്ടും, അലംഭാവം കാണിച്ചത് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവുമാണ്.
കേന്ദ്രത്തിന്റെ കാലതാമസം കാരണം പാതയുടെ എസ്റ്റിമേറ്റിൽ വൻ വർധനവുണ്ടായി. ഇതിന്റെ ഭാരവും സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. ചെങ്ങന്നൂർ–-പമ്പ പാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിക്കും സംസ്ഥാനം എതിരല്ല. ഈ പാതയ്ക്കായി സംസ്ഥാനത്തോട് ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ബജറ്റിലും ഒരു പദ്ധതിയും കേരളത്തിന് പ്രത്യേകമായി അനുവദിച്ചില്ല. ശബരി പാതയ്ക്കായി 2125 കോടി അനുവദിച്ചെന്നും കേരളം അത് ചെലവഴിച്ചില്ലെന്നുമാണ് റെയിൽവേ മന്ത്രി പറഞ്ഞത്. ഇത് തികച്ചും തെറ്റാണ്. കേരളത്തിലാകെ സ്ഥലമേറ്റെടുപ്പിനായി നൽകിയ തുകയാണ് ശബരിപാതയ്ക്കായി നീക്കിവച്ചു എന്ന തരത്തിൽ പറഞ്ഞത്.
ശബരിപ്പാതയിൽ അനങ്ങാപ്പാറ സമീപനം ആരുടേതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന് വീഴ്ചയും അലംഭാവവുമുണ്ടായിട്ടില്ല. ഇത്തരം പദ്ധതികൾക്ക് സംസ്ഥാനം പണം സ്വരൂപിക്കുന്നത് കിഫ്ബി വഴിയാണ്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.