തൃക്കാക്കര > കാക്കനാട് പ്രത്യേക സമ്പത്തിക മേഖലയിലെ (സെസ്) അടച്ചിട്ട കമ്പനിയിൽ വൻ തീപിടിത്തം. റെക്സിൻ കമ്പനിയുടെ ഫാക്ടറിയും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വ്യാഴം വൈകിട്ട് 5.30ഓടെ തീപിടിത്തമുണ്ടായത്. പുക ഉയരുന്നതുകണ്ട സമീപ കമ്പനികളിലെ തൊഴിലാളികൾ സെസ് സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു.
വാഹനങ്ങളുടെ സീറ്റുകൾ നിർമിക്കുന്ന കമ്പനി ഒരുവർഷമായി പ്രവർത്തിക്കുന്നില്ല. ഓഫീസ് മാത്രമാണ് പ്രവത്തിച്ചിരുന്നത്. ഇവിടെ നിർമാണത്തിന് ഉപയോഗിക്കുന്ന റെക്സിനിലും സ്പോഞ്ചുകളിലും ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതായാണ് പ്രാഥമിക നിഗമനം. വിവിധ യൂണിറ്റുകളിൽനിന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തി രണ്ട് മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്. തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.