തിരുവനന്തപുരം > ദുരന്തബാധിത പ്രദേശങ്ങളില് നിന്നും ക്യാമ്പുകളില് നിന്നുമുള്ള മാലിന്യനിര്മാര്ജനം മികച്ച രീതിയില് പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശുചിത്വ മിഷന്റെ നേതൃത്വത്തില് ബന്ധപ്പെട്ട വകുപ്പുകളുടെയും മിഷനുകളുടെയും സന്നദ്ധ പ്രവര്ത്തകരുടെയും സംഘടനകളുടെയും ഏകോപനത്തിലൂടെയുമാണ് ഇത് സാധ്യമായത്.
ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്, ശുചിമുറി മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം, സാനിറ്ററി ബയോ മെഡിക്കല് മാലിന്യങ്ങളുടെ സംസ്കരണം, ഹരിത ചട്ട പാലനം എന്നിവയ്ക്ക് പ്രാധാന്യം നല്കി ഫലപ്രദമായ സംവിധാനങ്ങള് ഒരുക്കിയാണ് മികച്ച രീതിയില് പ്രവര്ത്തിച്ച് വരുന്നത്.
വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില് നിന്ന് 110 ഓളം ഹരിത കര്മ്മ സേനാംഗങ്ങള് ദിനംപ്രതി സേവനം നല്കുന്നു. ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 112 മാലിന്യ ശേഖരണ ബിന്നുകള് സ്ഥാപിക്കുകയും ദുരന്ത മേഖലയിലും ക്യാമ്പുകളിലുമായി 46 ബയോ ടോയ്ലറ്റുകള് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കല്പറ്റ നഗരസഭയിലെ 10 കെ.എല്.ഡി കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് ഉപയോഗിക്കപ്പെടുന്നു. അജൈവ മാലിന്യംശേഖരിക്കുന്നതിനായി 4 മിനി എം.സി.എഫുകള് സ്ഥാപിച്ചിട്ടുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തിനായി കല്പറ്റ നഗരസഭയുടെ വിന്ഡ്രോ കമ്പോസ്റ്റ് സംവിധാനവും അജൈവ മാലിന്യ പരിപാലനത്തിനായി എംസിഎഫ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു. ക്യാമ്പുകളിലെ ഖരദ്രവ മാലിന്യ സംസ്കരണത്തിനായി പുതിയ കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിര്മ്മിച്ചിട്ടുണ്ട്.
44.02 ടണ് അജൈവ മാലിനവും, 9.9 ടണ് ജൈവ മാലിന്യവും, 0.28 ടണ് സാനിറ്ററി മാലിന്യവും, 2.6 ടണ് ബയോ മെഡിക്കല് മാലിന്യവും, 101.3 കിലോ ലിറ്റര് ശൗചാലയ മാലിന്യവും 11.19 ടണ് തുണിമാലിന്യവും ഇതിനോടകം ശാസ്ത്രീയമായി സംസ്കരിച്ചിട്ടുണ്ട്.
നിലവില് വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില് വിതരണം ചെയ്യുന്നതിനായി സാധനങ്ങള് ശേഖരിച്ച് അയക്കേണ്ടതില്ല. ആവശ്യത്തില് കൂടുതലാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പച്ചക്കറി, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കള് തുടങ്ങിയവ പെട്ടെന്ന് നശിച്ചു പോകുന്നതുകൊണ്ട് ഇവയുടെ സൂക്ഷിപ്പും വിതരണവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ദുരിതാശ്വാസത്തിന്റെ ഭാഗമായി വയനാട്ടിലെ കളക്ഷന് സെന്ററില് എത്തിയ ഏഴു ടണ് തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതല് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഉപകരിക്കാന് ചെയ്തതാകാമെങ്കിലും ഈ പ്രവൃത്തി ഫലത്തില് ഉപദ്രവകരമാവുകയാണുണ്ടായത്. നിലവില് ദുരന്തത്തില് പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനി വേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്കുകയോ കളക്ടറേറ്റുകളില് ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ ആവുകയോ നല്കാന് കൂടുതല് ആളുകള് സന്നദ്ധരാകണമെന്ന് അഭ്യര്ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.