തിരുവനന്തപുരം> ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന രീതിയിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ഇത്തരം പ്രചരണങ്ങളുടെ സ്വഭാവം എല്ലാവർക്കും മനസ്സിലാകുമെന്നും യാഥാർത്ഥ്യമെന്താണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സെൻസിറ്റീവായതും ജനങ്ങളെ ഭയപ്പെടുത്തുന്നതുമായ വാർത്തകൾ നൽകുമ്പോൾ നടത്തേണ്ട ഗവേഷണം നടത്തിയില്ലെന്നത് വാർത്തകളുടെ ആധികാരികതയെ തകർക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം:
ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ അപൂർവ്വം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായി. ഇത്തരം പ്രചരണങ്ങളുടെ ഉറവിടത്തെക്കുറിച്ച് ന്യൂസ് മിനിറ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നല്ലോ. കേരളത്തിനെതിരെ വ്യാജ വാർത്തകൾ ചമയ്ക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകരേയും ശാസ്ത്രജ്ഞരേയും സമീപിച്ചു എന്ന വിവരമാണ് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രചരണങ്ങളുടെ സ്വഭാവം എല്ലാവർക്കും മനസ്സിലാകും. യാഥാർത്ഥ്യമെന്താണെന്ന് പരിശോധിക്കാം.
കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 ആയി കുറഞ്ഞിട്ടുണ്ട്. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നത്.
2012-ലെ ബഹു. സുപ്രീം കോടതിയുടെ Deepak kumar Vs State of Hariyana എന്ന കേസിലെ വിധി വന്നതിനുശേഷം ആയതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ കേരള മൈനർ മിനറൽ കൺസഷൻ ചട്ടം കൊണ്ടുവരികയും 2016 മുതൽ സംസ്ഥാനത്ത് ഖനനാനുമതികൾ അനുവദിച്ചുവരുന്നത് മൈൻസ് & മിനറൽസ് (ഡെവലപ്മെന്റ് & റഗുലേഷൻ)ആക്ട് 1956, കേരള മൈനർ മിനറൽ കൺസഷൻ ചട്ടം-2015, MoEF നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ബഹു.സുപ്രീം കോടതി വിധികൾ, ബഹു. ഹൈക്കോടതി വിധികൾ, ബഹു. NGT-യുടെ വിധികൾ ഇവയിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാക്കുകയും ചെയ്തു. ഇതിലൂടെ 2543 ക്വാറികളാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് ഏതെങ്കിലുമൊരു സ്ഥലത്ത് ഖനനാനുമതി നൽകുന്നതിന് അപേക്ഷ നൽകിയതിന് ശേഷം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി RQP തയ്യാറാക്കി നൽകുന്ന Approved mining plan, എൻവയോൺമെന്റൽ ക്ലിയറൻസ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ നൽകുന്ന ലൈസൻസ്, ഈ സ്ഥലത്ത് ഉപയോഗിക്കുന്നതിനായുള്ള Explosive licence, പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് എന്നീ സ്റ്റാറ്റ്യൂട്ടറി ലൈസൻസുകൾ നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമാണ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്വാറികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി എല്ലാ ജില്ലയിലും സ്ക്വാഡുകൾ സൃഷ്ടിക്കുകയും 3395 പരാതികളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന പരാതികളിലും വളരെ പെട്ടെന്ന് തീർപ്പ് കൽപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഇതിനിടയിൽ വയനാടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്വാറികളെ കൂട്ടിക്കെട്ടിയുള്ള അശാസ്ത്രീയമായ എഴുത്തുകൾ ദേശീയമാധ്യമങ്ങളിലുൾപ്പെടെ വരുന്നത് കാണാനിടയായി. 2017ൽ KFRI ശാസ്ത്രജ്ഞരായ ടി വി സഞ്ജീവിൻ്റെയും സിജെ അലക്സിൻ്റെയും പേപ്പറിനെ ആധികാരിക രേഖയായി കണ്ടുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പത്രവാർത്ത ആ രേഖയുടെ തന്നെ ഉപസംഹാരത്തിലൂടെ റദ്ദ് ചെയ്യപ്പെടുന്നുണ്ട്.
“ This work presents the raw data information on granite quarries of Kerala. Relying on remotely sensed data, it was impossible to ascertain whether a particular quarry is functional or not. The data generated needs to be updated with inputs.” എന്ന് പ്രതിപാദിച്ചിട്ടുള്ള ഉപസംഹാരം ഫീൽഡ് പരിശോധനയില്ലാതെയാണ് രേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നു. റിമോട്ട് സെൻസ് ഡാറ്റ മാത്രം ആധാരമാക്കി തയ്യാറാക്കിയിട്ടുള്ള ഈ KFRI രേഖ പ്രസിദ്ധീകരിക്കുന്ന സമയത്തോ നിലവിലോ ഇത്രയും ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടില്ല. അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത് കണ്ടെത്തി വകുപ്പ് നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
സെൻസിറ്റീവായതും ജനങ്ങളെ ഭയപ്പെടുത്തുന്നതുമായ വാർത്തകൾ നൽകുമ്പോൾ നടത്തേണ്ട ഗവേഷണം നടത്തിയില്ലെന്നത് വാർത്തകളുടെ ആധികാരികതയെ തകർക്കുകയാണ്. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി തയ്യാറാക്കി നൽകിയ ഉരുൾപ്പൊട്ടൽ സാധ്യത മേഖലയെ സംബന്ധിച്ചുള്ള ഹസാർഡ് സൊണേഷൻ മാപ്പ് നിലവിൽ വന്നതിനുശേഷം വകുപ്പ് ഇത്തരം പ്രദേശങ്ങളിൽ യാതൊരു ഖനനാനുമതിയും നൽകിയിട്ടില്ല.
കൂടാതെ മുൻപ് അനുമതി നൽകി പ്രവർത്തിച്ചുവന്നവ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളോടൊപ്പം നിന്നുകൊണ്ട് നടത്തിയ ഈ നീക്കമായിരുന്നു സത്യത്തിൽ വാർത്താപ്രാധാന്യമുള്ള ഒരു കാര്യം. ഇതിനൊപ്പം തന്നെ വയനാട് ജില്ലയെ പ്രത്യേകമായെടുത്താൽ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം എന്ന് അറിയപ്പെടുന്ന വനമേഖല ഹൈ ഹസാർഡ് സോണിൽ വരുന്ന പ്രദേശം ആയതിനാൽ അതിന് സമീപത്തൊന്നും തന്നെ ഒരു ക്വാറിക്ക് പോലും പ്രവർത്തനാനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ പ്രദേശത്തിന് 10.2 കിലോമീററർ ദൂരെയാണ് നിലവിൽ ഖനനാനുമതി നൽകി ഖനനപ്രവർത്തനം നടക്കുന്ന ഏറ്റവുമടുത്ത ക്വാറി സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ നിലവിൽ 9 ക്വാറികൾ ആണ് പ്രവർത്തിക്കുന്നത്. പുഞ്ചിരിമട്ടം എന്ന സ്ഥലത്തേക്കുള്ള ദൂരം വ്യക്തമാക്കുന്ന മാപ്പ് കുറിപ്പിനൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു(ചിത്രം : 1).
മലപ്പുറം കവളപ്പാറയിലും 59 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറി പോലും ഉണ്ടായിരുന്നില്ല. ആധികാരികമായി ഇത് തെളിയിക്കുന്നതിനാവശ്യമായ മാപ്പ് കുറിപ്പിനൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു(ചിത്രം : 2).
എന്നാൽ പത്രവാർത്തകളിൽ മലപ്പുറത്തേതെന്ന നിലയിൽ പറഞ്ഞിട്ടുള്ളത് പരിസ്ഥിതി ലോല പ്രദേശമല്ലാത്ത പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുള്ള കവളപ്പാറയിലെ വിവരങ്ങളാണ്. ഇവിടെയും 33 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്ന രീതിയിൽ നൽകിയിട്ടുള്ളത് തീർത്തും തെറ്റായ വാർത്തയാണ്. 10 ക്വാറികൾ പോലും ഇവിടെ പ്രവർത്തിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം(ചിത്രം : 3). അതായത് മലപ്പുറം കവളപ്പാറയിലെ ദുരന്തത്തിന് ക്വാറികൾ കാരണമായി എന്ന് പറയുന്നതതിന് പാലക്കാട് കവളപ്പാറയിലെ ക്വാറികളുടെ എണ്ണമാണ് തെറ്റായി ഉപയോഗിച്ചിരിക്കുന്നത്.
ക്വാറി പ്രവർത്തനത്തിനുള്ള അനുമതി നൽകുന്നതിന് മുൻപ് അപേക്ഷാസ്ഥലം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ മാപ്പ് പ്രകാരം റെഡ് സോണിൽപെടുന്നുവോ എന്ന് പരിശോധിച്ച് അപ്രകാരം ഉൾപ്പെടുന്നില്ലെങ്കിൽ മാത്രമാണ് അനുവാദം നൽകുന്നത്. 45 ഡിഗ്രീ ചരിവിൽ കൂടിയ പ്രദേശങ്ങളിലും അനുമതി നൽകാറില്ല. അപേക്ഷാസ്ഥലത്തോ സമീപത്തോ landslides മറ്റ് natural hazards ഉണ്ടായിട്ടുണ്ടോ, അപേക്ഷാ സ്ഥലം ESA വില്ലേജിൽ ഉൾപ്പെടുന്നുവോ എന്ന വിവരങ്ങൾ എല്ലാംതന്നെ പരിശോധിച്ചാണ് അനുമതി നൽകുന്നത്. ചരിത്രത്തിലാദ്യമായി അനുമതി നൽകിയ ക്വാറികളുടെ വിശദവിവരങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി – KOMPAS (kerala.gov.in). ഒപ്പം ക്വാറികൾക്ക് മുന്നിലും ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. ഇവയല്ലാതെ ഏതെങ്കിലും ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി. ഖനനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ നിന്ന് വഴിവിട്ട സമീപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലാ അനുമതികളും ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവസരമൊരുക്കി. ഇത്തരത്തിലുള്ള ആധികാരികമായ വസ്തുതകൾ മാധ്യമപ്രവർത്തകർക്ക് വകുപ്പുമായി ബന്ധപ്പെട്ടാൽ ലഭ്യമാകുമെന്നിരിക്കെ സെൻസിറ്റീവായ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ആധികാരികത ഉറപ്പ് വരുത്താതെ വാർത്തകൾ നൽകുന്നതിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.