തിരുവനപുരം> സിപിഐ എം മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വേദനയോടെയാണ് സഖാവിന്റെ വിയോഗവാർത്ത അറിഞ്ഞതെന്നും വ്യക്തിപരമായ നഷ്ടം കൂടിയാണെന്നെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപധ്യം ശക്തിപ്പെടുത്താനും മതേതരത്വം സംരക്ഷിക്കാനും സോഷ്യലിസം യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടങ്ങൾ തുടരുവാൻ അദ്ദേഹത്തിൻറെ ഓർമ്മകൾ ശക്തി പകരുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം
സഖാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗ വാർത്ത അറിഞ്ഞത് വേദനയോടെയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ എനിക്ക് കഴിഞ്ഞു. വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. ചെറുപ്പത്തിൽതന്നെ അനിതരസാധാരണമായ സംഘാടന- നേതൃപാടവം ബുദ്ധദേവ് കാഴ്ച്ച വെയ്ക്കുകയുണ്ടായി. പശ്ചിമ ബംഗാളിൽ 1970 കളിലെ ഏകാധിപത്യ അർദ്ധ- ഫാസിസ്റ്റ് ഭീകരതയുടെ നാളുകളിൽ പാർട്ടിയെയും പാർട്ടിപ്രവർത്തകരെയും സംരക്ഷിക്കുവാൻ ബുദ്ധദേവ് നിർഭയം മുന്നിൽ നിന്ന് പ്രവർത്തിച്ചു.
എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ അടിച്ചമർത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നിയമസഭാംഗം എന്ന നിലയിലും മന്ത്രിയെന്ന നിലയിലും കഴിവുറ്റ ഭരണാധികാരികൂടിയാണ് താന്നെന് തെളിയിക്കുകയുണ്ടായി. സാംസ്കാരിക മന്ത്രിയായി പ്രവർത്തിക്കുന്ന വേളയിൽ പശ്ചിമ ബംഗാളിൻറെ സാംസ്കാരിക പരിപ്രേക്ഷ്യം വിശാലമാക്കി പുതുതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതു തലമുറയെ നവോത്ഥാനമൂല്യങ്ങൾ ഓർമ്മപ്പെടുത്തുന്നതിനും യത്നിച്ചു.
മുഖ്യമന്ത്രിയെന്ന നിലയിൽ പശ്ചിമ ബംഗാളിൻറെ വ്യവസായ വൽക്കരണത്തിനായും, ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ സുദീഘമായ വികസനയുഗത്തിലേക്ക് നയിക്കുമായിരുന്ന സുവ്യക്തമായ പദ്ധതികൾ രൂപപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനായുള്ള നിരന്തര ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ ഇടതു ജനാധിപത്യ മുന്നണിയെയും പാർട്ടിയെയും ദുർബ്ബലപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള ദുഷ്പ്രചരണങ്ങളെയും വ്യാജ വാർത്തകളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അക്രമാസക്തമായ പ്രതിഷേധങ്ങൾ തുടർച്ചയായി സൃഷ്ടിക്കപ്പെട്ടപ്പോഴും നിശ്ചയദാർഢ്യത്തോടെ നിലകൊണ്ടു. ക്ലേശകരമായ ഈ സമയത്തെല്ലാം സർക്കാർ-പാർട്ടി സംവിധാനങ്ങളെ മുന്നോട്ട് നയിച്ചു.
അദ്ദേഹത്തിൻറെ ഓരോ പ്രവർത്തനങ്ങളിലും ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ഉറച്ച വിശ്വാസം നിറഞ്ഞു നിന്നിരുന്നു. ബുദ്ധദേവിൻ്റെ ലളിതജീവിതം പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക്, പ്രത്യകിച്ച് കമ്യൂണിസ്റ്റുകൾക്ക് ഉത്തമ മാതൃകയാണ്. ഭാരത സർക്കാർ പത്മഭൂഷൻ ബഹുമതി നൽകാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ജനസേവനത്തിനായുള്ള ജീവിതം ഏന്തെങ്കിലും അംഗീകാരം പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ളതല്ലെന്ന, അത് മാനവികതയ്ക്കായി സമർപ്പിച്ചതാണെന്ന, കമ്യൂണിസ്റ്റുപാർട്ടി എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളിൽ അദ്ദേഹം ദൃഢതയോടെ ഉറച്ചു നിന്നു എന്നതിന് ഇത് തെളിവാണ്.
ബുദ്ധദേവ് ഭട്ടാചാര്യയുടെ വേർപാടിൽ ദുഖിക്കുന്നവരുടെ പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ സി പി ഐഎം. അംഗങ്ങളുടെ ദുഖത്തോടൊപ്പം നിലകൊള്ളുന്നു. ജനാധിപധ്യം ശക്തിപ്പെടുത്താനും മതേതരത്വം സംരക്ഷിക്കാനും സോഷ്യലിസം യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടങ്ങൾ തുടരുവാൻ അദ്ദേഹത്തിൻറെ ഓർമ്മകൾ ശക്തി പകരും.കേരള സർക്കാരിന് വേണ്ടിയും വ്യക്തിപരമായും അദ്ദേഹത്തിൻറെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുന്നു