തിരുവനന്തപുരം> ഈ വർഷത്തെ ആദ്യ പാദ പരീക്ഷ (ഓണപ്പരീക്ഷ) സെപ്റ്റംബർ മൂന്ന് (ചൊവ്വ) മുതൽ 12 (വ്യാഴം) വരെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷം മുതൽ ഓൾപാസ് സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിൽ ഓണപ്പരീക്ഷ മാറ്റിവെച്ചു. ഇവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർസെൻഡറി സ്കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും സ്കൂൾ ഒളിംപിക്സിന്റെയും ശാസ്ത്രമേളയുടേയും തീയതിയും സ്ഥലവും വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും. സ്കൂൾ ഒളിംപിക്സ് നവംബർ നാല് മുതൽ 11 വരെ എറണാകുളത്തും, ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലും നടക്കും.