ന്യൂഡൽഹി: ഒളിമ്പിക്സ് ഫൈനലിൽനിന്നും അയോഗ്യയാക്കപ്പെട്ടതിനുപിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഗുഡ്ബൈ റെസ്‌ലിങ്’ എന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഒളിമ്പിക്സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരം അയോഗ്യയാക്കപ്പെടുകയായിരുന്നു.
”എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും നഷ്ടമായി. എനിക്ക് ഇനി ശക്തിയില്ല. ഗുഡ് ബൈ ററെസ്‌ലിങ് 2001-2024,” വിനേഷ് ഫോഗട്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിവ.
അതേസമയം, തന്നെ അയോഗ്യയാക്കിയതിനെതിരെ കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന് പറയും. വെള്ളി മഡൽ പങ്കിടണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. വിധി താരത്തിന് അനുകൂലമായാൽ വെള്ളി മെഡൽ പങ്കിടും. ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഫോഗട്ട് ഏറ്റുമുട്ടേണ്ടിയിരുന്നത്.
പാരിസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫൈനലിൽ എത്തിയത്. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു. ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്സ് അസോസിയേഷന്റെ നടപടി.