തിരുവനന്തപുരം
കെഎസ്ആർടിസിയിൽ ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള ചർച്ചകൾ ബാങ്ക് കൺസോർഷ്യവുമായി ആരംഭിച്ചു. 100 കോടി രൂപയാണ് ഓവർഡ്രാഫ്റ്റായി കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. എസ്ബിഐ, കനറാ, ബറോഡ, യൂണിയൻ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക്, കെടിഡിഎഫ്സി എന്നീ ബാങ്കുകളാണ് കൺസോർഷ്യത്തിലുള്ളത്. ജൂലൈയിലെ ശമ്പളത്തിന്റെ ആദ്യഗഡു ചൊവ്വ രാത്രിയോടെ ജീവനക്കാർക്ക് നൽകി. ഒറ്റത്തവണയായി ശമ്പളം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ ഓണത്തിനുമുമ്പ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറും വ്യക്തമാക്കിയിരുന്നു.
അതേസമയം എസ്ബിഐയിൽനിന്ന് ജീവനക്കാർക്കും മാനേജ്മെന്റിനും തൃപ്തികരമായ സേവനം ലഭിക്കുന്നില്ലെന്ന് ബുധനാഴ്ച കെഎസ്ആർടിസി പ്രസ്താവനയിൽ പറഞ്ഞു. 25000 ജീവനക്കാരുടെ ശമ്പളവും 42000 പേരുടെ പെൻഷനും എസ്ബിഐ മുഖേനയാണ് കൊടുക്കുന്നത്. കൂടുതൽ സേവന തൽപ്പരരായ മറ്റ് ദേശസാൽകൃത ബാങ്കുകളിലേക്ക് ശമ്പളം മാറ്റണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റിന് ജീവനക്കാരും യൂണിയനുകളും നിവേദനം നൽകിയിരുന്നു.
കൂടുതൽ ആനുകൂല്യം നൽകുന്ന ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് യൂണിറ്റ് ഓഫീസുകളിൽ അറിയിച്ചാൽ ശമ്പളം ആ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ ഗതാഗതമന്ത്രി അനുമതി നൽകിയതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു.