തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമാ-യ ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13’ 14ന് തുടക്കമാകും. കൂടുതൽ പുതുമയോടെയും വ്യത്യസ്തതയോടെയുമാകും ഇത്തവണ മത്സരം. സാഹിത്യ, രചനാ മത്സരങ്ങൾക്കുപകരം ജില്ലകളിൽ ശാസ്ത്ര പാർലമെന്റുകൾ ഉണ്ടാകും. 14ന് പകൽ രണ്ടിനാണ് സ്കൂൾതല മത്സരം. ഒരേ ചോദ്യപേപ്പറാണ് ഉപയോഗിക്കുക. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർക്ക് 28ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാമത്സരം ഒക്ടോബർ 19നും സംസ്ഥാനമത്സരം നവംബർ 23നും നടക്കും. ഇത്തവണ ജില്ലയിൽനിന്ന് വിജയിക്കുന്ന രണ്ടുപേർ സംസ്ഥാന മത്സരത്തിൽ ഒരു ടീമായല്ല, ഓരോരുത്തരായിട്ടാകും മത്സരിക്കുക.
ഉപജില്ലയിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരം നൽകും. ഈ സ്കൂളുകളിൽ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ക്വിസ് മത്സരത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ദേശാഭിമാനിയുടെ വെബ്സൈറ്റിലെ ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ അക്ഷരമുറ്റം സൈറ്റിൽ (www. deshabhimani.com) സ്കൂൾ കോഡ് നൽകണം. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തതാണെങ്കിൽ ആ വിവരം ലഭിക്കും.
ആവശ്യമായ മാറ്റംവരുത്തി സമർപ്പിച്ചാൽ രജിസ്ട്രേഷൻ പൂർത്തിയാകും. സ്കൂൾ മെയിൽ ഐഡിയിലേക്ക് സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടതും വിജയികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടതും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് login link https://aksharamuttam.deshabhimani.com/
പത്തിനകം ഓൺലൈനായി രജിസ്റ്റർചെയ്യാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാനാകില്ല.